വെയിലേറ്റ് ജില്ല വിയര്‍ക്കുന്നു
മലപ്പുറം: കനത്ത ചൂടില്‍ ജില്ല വിയര്‍ക്കുന്നു. സൂര്യാഘാതമേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണവും ക
ഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ കൂടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ടുമാസമായി ശരാശരി 36 ഡിഗ്രി സെല്‍ഷ്യസാണ് ജില്ലയിലെ താപനില. ഇത് 39ഡിഗ്രിയോളം ഉയര്‍ന്നതായും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പകല്‍ പന്ത്രണ്ടുമുതല്‍ മൂന്നുവരെയാണ് ചൂട് കനക്കുന്നത്. കനത്ത ചൂടിനൊപ്പം ഉഷ്ണവും വരള്‍ച്ചയും കനത്തതോടെ രാത്രിയിലും വെന്തുരുകുന്ന അവസ്ഥയാണ്്. കഴിഞ്ഞ ദിവസം തിരൂര്‍ കൂട്ടായിയില്‍ നാല് മത്സ്യത്തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. കഴിഞ്ഞമാസം അരീക്കോട്ട് മണല്‍ത്തൊഴിലാളികളും പൊള്ളലേറ്റ് ചികിത്സതേടിയിരുന്നു. ജലാശയങ്ങളും പുഴകളും വരള്‍ച്ചയില്‍ മെലിഞ്ഞുശോഷിച്ചു. ജില്ലയില്‍ പലയിടത്തും കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ് കുടുംബങ്ങള്‍. ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ കടലുണ്ടിപ്പുഴയും വരള്‍ച്ചയുടെ പിടിയിലമര്‍ന്നു. ഇതോടെ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും കുടിവെള്ളത്തിന് മറ്റുവഴിതേടേണ്ടിവരും. മുന്‍കാലങ്ങളിലുണ്ടായ വേനല്‍ മഴയും ഇത്തവണ കനിഞ്ഞില്ല. നേരിട്ട് വെയിലേല്‍ക്കുന്ന ജോലിയില്‍നിന്ന് മാറിനില്‍ക്കുക, തുടര്‍ച്ചയായി ഉച്ചവെയില്‍ കൊള്ളാതിരിക്കുക, ഇടക്കിടെ ശുദ്ധജലം കുടിക്കുക, ഭക്ഷണത്തില്‍ ധാരാളം പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുക, കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കുക എന്നിവയാണ് ചൂടിനെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍. കനത്ത ചൂടില്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാനിടയുള്ളതിനാല്‍ കുട്ടികളെയും പ്രായമായവരെയും രോഗികളെയും പ്രത്യേകം ശ്രദ്ധിക്കണം.
ഒരു പ്രമുഖ ദിനപത്രത്തില്‍ 19 ഏപ്രില്‍ 2012 ന് വന്ന വാര്‍ത്തയാണിത്. വേനല്‍ച്ചൂട് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നതുകൊണ്ടാണ് പ്രധാനമായും മധ്യവേനല്‍ അവധി സമ്പ്രദായം നിലവില്‍ വന്നത്. മധ്യവേനലവധിക്കാലമല്ലാത്തപ്പോഴും, ചൂട് കനക്കുന്ന സന്ദര്‍ഭങ്ങളില്‍ സ്കൂള്‍ പ്രവൃത്തിസമയം പുനഃക്രമീകരച്ച് ചൂടിന്റെ ആഘാതത്തില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന രീതിയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ അനുവര്‍ത്തിച്ചുപോരുന്നത്. എന്നാല്‍ ഈ വ്യവസ്ഥകളൊന്നും ബാധകമല്ലാത്ത ഒരുപറ്റം വിദ്യാലയങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്; അതും ഈ സാക്ഷര കേരളത്തില്‍! ഇത് ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. നാമമാത്രമായി മറ്റു വടക്കന്‍ ജില്ലകളിലുമുണ്ട്. ഔദ്യോഗികമായി 'മുസ്ലിം സ്കൂളുകള്‍' എന്ന് നാകരണം ചെയ്തിട്ടുള്ള ഈ വിദ്യാലയങ്ങളില്‍ വേനല്‍ ചുട്ടു പൊള്ളുമ്പോഴാണ് പഠനച്ചൂടും പരീക്ഷച്ചൂടും കനക്കുന്നത്.
മലപ്പുറം ജില്ലയില്‍ അഞ്ഞൂറിലധികം എല്‍.പി./യു.പി. വിദ്യാലയങ്ങള്‍ മുസ്ലിം സ്കൂളുകളാണ്. ഏതാണ്ട് 190000 (ഒരു ലക്ഷത്തി തൊണ്ണൂറായിരം) കുട്ടികള്‍ ഇവിടെ പഠിക്കുന്നു. മറ്റു വടക്കന്‍ ജില്ലകളിലെ എണ്ണംകൂടി ചേര്‍ത്തു വച്ചാല്‍ സംഖ്യ ഇനിയും വലുതാകും. റംസാന്‍ വ്രത കാലത്ത് ഒരു മാസം അവധി നല്കുന്ന ഈ വിദ്യാലയങ്ങള്‍, അവരുടെ അധ്യയന ദിനങ്ങള്‍ ക്രമപ്പെടുത്തുന്നത് ഏപ്രില്‍ മാസത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ്. വേനല്‍ ഇത്രയൊന്നും കഠിനമല്ലാതിരുന്ന ഒരു കാലത്ത്, മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് റംസാന്‍ വ്രതമനുഷ്ഠിക്കുന്നതിന് സൗകര്യപ്പെടും വിധം നടപ്പിലാക്കിയ ഈ അവധിസമ്പ്രദായം അക്കാലത്ത് വലിയ പ്രയാസങ്ങള്‍ക്കൊന്നും വഴിവച്ചിരുന്നില്ല. എന്നാല്‍, നമ്മുടെ പരിസ്ഥിതിക്കേറ്റ ആഘാതങ്ങളുടെ ഫലമായി വേനല്‍ കനക്കുകയും അപകടകരമാം വിധം ചൂട് കൂടുകയും ചെയ്ത സാഹചര്യത്തില്‍ മുസ്ലിം സ്കൂളുകളുടെ അവധി സംബന്ധിച്ച് പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു.
പൊതു കലണ്ടറില്‍നിന്ന് മാറി പ്രവര്‍ത്തിക്കുന്നതുകൊണ്ട് അക്കാദമികമായ ചില പരിമിതികളും ഈ വിദ്യാലയങ്ങള്‍ നേരിടുന്നുണ്ട്.
- വിദ്യാലയ വര്‍ഷം ആരംഭിച്ച് ഏതാണ്ട് പഠന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോഴേക്കും ഒരു മാസത്തെ നോമ്പ് അവധി ആരംഭിക്കുന്നു.പിന്നീട് സ്കൂള്‍ തുറക്കുമ്പോഴേക്കും തുടങ്ങി വച്ച പഠനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച നഷ്ടപ്പെട്ടിട്ടുണ്ടാകും, പിന്നെ ആദ്യം മുതല്‍ തുടങ്ങണം. ഫലത്തില്‍ ഇത്തരം വിദ്യാലയങ്ങളില്‍ അക്കാദമിക വര്‍ഷം ആരംഭിക്കുന്നത് നോമ്പവധിക്കുശേഷമാണ്.
- ഏപ്രില്‍ മാസത്തില്‍ കാര്യമായ പഠനമൊന്നും ഇവിടങ്ങളില്‍ നടക്കാനിടയില്ല. വാര്‍ഷികാഘോഷം, അതിനായുള്ള പരിശീലനം, പരീക്ഷ …!
പല വിദ്യാലയങ്ങളിലെയും പി.ടി.എ.കള്‍ ഈ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് കൂട്ടായ തീരുമാനത്തിലൂടെ പൊതു കലണ്ടറിലേക്ക് മാറിക്കഴിഞ്ഞു. ഈ മാറ്റം ഇത്തരത്തിലുള്ള എല്ലാ വിദ്യാലയങ്ങളും ആഗ്രഹിക്കുന്നുണ്ട് എന്നതാണ് വസ്തുത. എന്നാല്‍, സങ്കുചിത താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചില വ്യക്തികള്‍ തടസ്സ വാദം ഉന്നയിക്കുന്നതുകൊണ്ടു മാത്രമാണ് ഇവ നിലവിലുള്ള രീതിയില്‍ തുടരുന്നത്. തടസ്സ വാദങ്ങള്‍ നിരത്തുന്നവര്‍ മതത്തെയും വിശ്വാസത്തെയുമാണ് ഇതിനായി കൂട്ടു പിടിക്കുന്നത്. എന്നാല്‍ ഇതിന് യാതൊരു ന്യായീകരണവുമില്ല എന്നതാണ് വാസ്തവം. കാരണം, മതവിഭാഗങ്ങള്‍ നടത്തുന്ന ധാരാളം അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ ഇവിടെയുണ്ട്. ഇവയെല്ലാം തന്നെ പിന്തുടരുന്നത് ജനറല്‍ കലണ്ടറാണ്! അവിടങ്ങളില്‍ ആരുടെയും വിശ്വാസത്തെ ഹനിക്കുന്നതായി പറഞ്ഞു കേട്ടിട്ടില്ല. തന്നെയുമല്ല, മലപ്പുറം ജില്ലയില്‍ പൊതുകലണ്ടര്‍ പിന്തുടരുന്ന വിദ്യാലയങ്ങളിലും ഏറിയകൂറും പഠിക്കുന്നത് മത വിശ്വാസികളായ മുസ്ലിം കുട്ടികള്‍തന്നെയാണ്. ഇങ്ങനെയുള്ള വിദ്യാലയത്തില്‍ പഠിക്കുന്നതുകൊണ്ട് മതാനുഷ്ഠാനത്തിനോ വ്രതമെടുക്കലിനോ തടസ്സം നേരിട്ടതായി ആരും പറഞ്ഞു കേട്ടിട്ടില്ല. എടുത്തു പറയേണ്ടുന്ന മറ്റൊരു കാര്യം, മുസ്ലിം മത സംഘടനകള്‍തന്നെ മുന്‍കയ്യെടുത്ത് കുറെയേറെ വിദ്യാലയങ്ങളെ ഒരു ഘട്ടത്തില്‍ പൊതു കലണ്ടറിലേക്ക് മാറ്റിയിട്ടുണ്ട് എന്നതാണ്.
പൊള്ളുന്ന ഈ വേനല്‍ കാലത്തും ക്ലാസ്സ് മുറികളില്‍ അടച്ചിടപ്പെടുന്ന കുട്ടികളുടെ പ്രയാസങ്ങള്‍ തിരിച്ചറിയാന്‍ ഏറെയൊന്നും പഠിക്കേണ്ടതില്ല, മനുഷ്യത്വ പരമായി ചിന്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രംമതി.
എന്തുകൊണ്ട് ജനറല്‍ കലണ്ടറിലേക്ക് മാറണം
- പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കെല്ലാം തുല്യ പരിഗണനയും പ്രോത്സാഹനവും ലഭിക്കണം.
- കേരളീയന്റെ ജീവിത ക്രമം ഏറക്കുറെ കുട്ടികളുടെ പഠനത്തിനനുസരിച്ച് ചിട്ടപ്പെടുത്തിയതാണ്. വിപണിയും സമൂഹവും യാത്രകളുമെല്ലാം ഇതിനനുസരിച്ച് ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഈ മുഖ്യധാരയില്‍നിന്ന് ഏതാനും പേര്‍ മാത്രം അകറ്റി നിര്‍ത്തപ്പെട്ടുകൂട.
- പഠനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച കുട്ടികള്‍ക്ക് ലഭ്യമാകണം.
- ആരോഗ്യ സംരക്ഷണം കുട്ടികളുടെ അവകാശമാണ്.
വിശ്വാസ സംരക്ഷണത്തിനായി എന്തു ചെയ്യാനാകും
റമദാന്‍ മാസത്തില്‍ മലപ്പുറം ജില്ലയിലെ ഹൈസ്കൂളുകളടക്കം പ്രവൃത്തി സമയത്തില്‍ പുനഃക്രമീകരണം ഏര്‍പ്പെടുത്താറുണ്ട്. രാവിലെ കുറച്ചു നേരത്തേ ക്ലാസ്സ് ആരംഭിക്കുകയും വൈകിട്ട് അല്പം നേരത്തെ സ്കൂള്‍ വിടുകയും ചെയ്യുന്ന രീതിയാണ് ഇവര്‍ ഭൂരിപക്ഷവും പിന്തുടരുന്നത്. പൊതു കലണ്ടറിലേക്ക് മാറുന്ന മുസ്ലിം സ്കൂളുകള്‍ക്കും ഈ രീതി പിന്‍തുടരാവുന്നതേയുള്ളു.
ആരു മുന്‍കയ്യെടുക്കണം
മത പുരോഹിതന്മാരും വിശ്വാസികളും രക്ഷിതാക്കളുമടങ്ങുന്ന കൂട്ടായ്മ മുന്‍കയ്യെടുത്താല്‍ മാത്രമേ മാപ്പിള സ്കൂളുകളെ പൊതു കലണ്ടറിലേക്ക് കൊണ്ടുവരാനാകൂ. അതോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും വേണ്ടതുണ്ട്. കുട്ടികളുടെ അവകാശങ്ങളെ അടിസ്ഥാനമാക്കി 'വിദ്യാഭ്യാസ അവകാശ നിയമം' കൂടി നിലവില്‍വന്ന സാഹചര്യത്തില്‍ ഭരണകൂടത്തിനും ഇതില്‍ മുഖ്യപങ്കു വഹിക്കാനുണ്ട്.
ഇത് ഗൗരവമേറിയ ഒരു മനുഷ്യാവകാശ പ്രശ്നംകൂടിയാണ്. ആ നിലയ്ക്കാണ് ഈ വിഷയത്തെ സമീപിക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതും.