2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

മുസ്ലിം സ്കൂളുകള്‍ ജനറല്‍ കലണ്ടറിലേക്ക് മാറണമെന്ന് ആവശ്യം


Friday, April 20, 2012

താനൂര്‍: കടുത്ത വേനലിലും പ്രവര്‍ത്തിക്കുന്ന മുസ്ലിം സ്കൂളുകള്‍ ജനറല്‍ കലണ്ടര്‍ സംവിധാനത്തിലേക്ക് മാറണമെന്ന് ആവശ്യം. വേനലില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് കുട്ടികള്‍ക്ക് ദുരിതമായ സാഹചര്യത്തിലാണിത്. സ്കൂള്‍ കിണറുകളില്‍ കുടിവെള്ളമില്ലാതെ കുട്ടികളും അധ്യാപകരും വിഷമിക്കുകയാണ്. വറ്റിവരണ്ട കിണറുകളിലെ മലിനജലം ഉപയോഗിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് രോഗഭീഷണി ഉയര്‍ത്തുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. താനൂര്‍ ഉപജില്ലയില്‍ മാത്രം മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന 50ല്‍പരം പ്രൈമറി സ്കൂളുകളുണ്ട്. മിക്കയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഉച്ചഭക്ഷണം പാകംചെയ്യാന്‍ അധികൃതര്‍ നെട്ടോട്ടമോടുകയാണ്. കുട്ടികള്‍ വിയര്‍ത്തൊലിച്ചാണ് ക്ളാസുകളില്‍ ഇരിക്കുന്നത്. രണ്ടാഴ്ച കൂടി കഴിഞ്ഞാലേ മുസ്ലിം സ്കൂളുകള്‍ മധ്യവേനലവധിക്ക് അടക്കൂ.
യു.പി സ്കൂളുകളില്‍ വ്യാഴാഴ്ചയാണ് പരീക്ഷ തുടങ്ങിയത്. എല്‍.പി സ്കൂളുകളില്‍ ഏപ്രില്‍ 23നാണ് പരീക്ഷ തുടങ്ങുക.
പുതിയ അധ്യയന വര്‍ഷം തുടങ്ങുമ്പോഴേക്കും മുസ്ലിം സ്കൂളുകള്‍ക്ക് റമദാന്‍ അവധി തുടങ്ങും. ഫലത്തില്‍ ജനറല്‍ സ്കൂളുകളെക്കാള്‍ ഒരുമാസം പിറകിലാകും ഇവരുടെ പാഠഭാഗങ്ങള്‍. അതേസമയം, രണ്ട് സ്കൂളുകള്‍ക്കും ഒന്നാം ടേം പരീക്ഷ ഒരേസമയം ആരംഭിക്കുകയും ചെയ്യും.
അധ്യാപകരുടെ ക്ളസ്റ്റര്‍ പരിശീലനത്തെയും ഇത് ബാധിക്കും. ക്ളസ്റ്റര്‍ പരിശീലനങ്ങള്‍ മുസ്ലിം, ജനറല്‍ സ്കൂള്‍ അധ്യാപകര്‍ക്ക് പ്രത്യേകം നടത്തേണ്ടിവരും. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭിക്കാന്‍ ജനറല്‍ സംവിധാനത്തില്‍ സ്കൂളുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
(കടപ്പാട്)
കൂട്ടായ്മ ഇനിയും കരുത്താര്‍ജിക്കണം


'നിലാവ്'ഈ വിഷയം ചര്‍ച്ചക്കെടുത്തതിന്റെ അടുത്ത ദിവസമാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത 'മാധ്യമം' ദിനപത്രത്തില്‍ വന്നത് എന്നത് ഒരു പക്ഷേ യാദൃഛികമായിരിയ്ക്കാം. ഇത്തരമൊരു നെറികേടിനെതിരെ കാലവും സമൂഹവും ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്നത് ശുഭോദര്‍ക്കമാണ്. ഈ ചിന്താ ധാര ഇനിയും ശക്തിപ്പെടേണ്ടതുണ്ട്.
മലപ്പുറം ജില്ലയിലെ താനൂര്‍ ഉപജില്ലയില്‍ നിന്നാണ് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നു വന്നതായി പത്രത്തില്‍ കാണുന്നത്. എന്നാല്‍ ഏതാണ്ട് എല്ലായിടത്തെയും രക്ഷിതാക്കള്‍ ഇതേ വികാരമുള്ളവരാണ്.
  1. അരീക്കോട്  50
  2. കൊണ്ടോട്ടി 61
  3. കുറ്റിപ്പുറം      34
  4. മലപ്പുറം       64
  5. മഞ്ചേരി      41
  6. മങ്കട         42
  7. നിലമ്പൂര്‍     13
  8. പരപ്പനങ്ങാടി 29
  9. പെരിന്തല്‍മണ്ണ 38
  10. താനൂര്‍         49
  11. തിരൂര്‍          10
  12. വേങ്ങര         74
  13. വണ്ടൂര്‍          02
  14. എടപ്പാള്‍       01
  15. പൊന്നാനി      0
എന്നിങ്ങനെയാണ് ജില്ലയിലെ ഓരോ ബി.ആര്‍.സി. പരിധിയിലെയും മുസ്ലിം സ്കൂളുകളുടെ എണ്ണം. ആകെ ജില്ലയില്‍ 508 വിദ്യാലയങ്ങള്‍ ഈ ഗണത്തില്‍ വരും.
മലപ്പുറം ജില്ലയില്‍ പൊന്നാനി യു.ആര്‍.സി. പരിധിയില്‍ മാത്രമാണ് നിലവില്‍ മുസ്ലിം സ്കൂളുകള്‍ ഇല്ലാത്തത്. എടപ്പാള്‍ (1), വണ്ടൂര്‍ (2) എന്നീ ബി.ആര്‍.സി. കളുടെ പരിധിയിലാണ് കുറഞ്ഞ എണ്ണം മുസ്ലിം സ്കൂളുകള്‍. പൊള്ളുന്ന ചൂടില്‍ പഠനം നടത്തുവാന്‍ വിധിക്കപ്പെട്ട കുരുന്നുകളുടെ എണ്ണം രണ്ടു ലക്ഷത്തോളം! പൊതു വിദ്യാഭ്യാസത്തെയും കുട്ടികളെയും സ്നേഹിക്കുന്ന മുഴുവനാളുകളുടെയും കൂട്ടായ്മ ഈ അവധി സമ്പ്രദായത്തനെതിരായി രൂപപ്പെടണം. മനുഷ്യാവകാശ കമ്മീഷനും കോടതികളും ഈ പ്രശ്നം ഏറ്റെടുക്കണം.

1 അഭിപ്രായം:

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ പറഞ്ഞു...

കോഴിക്കോട്ടുനിന്നും റാണി ഷര്‍മിള എഴുതുന്നു -
നിലാവിന്റെ കെട്ടും മട്ടും നല്ല നിലവാരം പുലര്‍ത്തുന്നു. വിദ്യാഭ്യാസ രംഗത്തെ എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ടു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും പ്രതിഷേധിക്കെണ്ടതിനോട് പ്രതിഷേധിക്കുകയും പ്രോത്സാഹിപ്പിക്കെണ്ടിടത് പ്രോത്സാഹനവും നല്‍കുന്നു.. അധ്യപകസമൂഹം അറിഞ്ഞിരിക്കേണ്ട എല്ലാ വസ്തുതകളും ഈ ബ്ലോഗിലൂടെ അറിയാന്‍ കഴിയും .. അഭിനന്ദനങ്ങള്‍ ..