2012, മാർച്ച് 31, ശനിയാഴ്‌ച

തിരിഞ്ഞുനോക്കുമ്പോള്‍

ക്ഷമിക്കണം, ഇടവേളയുടെ ദൈര്‍ഘ്യം വല്ലാതെ കൂടിപ്പോയി. കുറെയേറെപ്പേര്‍ ഇഷ്ടപ്പെടുകയും സന്ദര്‍ശിക്കുകയും ചെയ്തുതുടങ്ങിയ ഘട്ടത്തിലാണ് 'നിലാവ്' നിശ്ചലമായത്. മാന്യ വായനക്കാര്‍ ക്ഷമിക്കുക. അക്ഷന്തവ്യമായ ഈ ഇടവേളയുടെ കാരണം കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ചതുതന്നെ, തൊഴില്‍ രംഗത്ത് ഏറ്റെടുക്കേണ്ടിവന്ന അധികച്ചുമതലകള്‍.
ഇപ്പോള്‍ തിരക്കിന്റെ കാഠിന്യം അല്പം കുറഞ്ഞിരിക്കുന്നു. 'സര്‍വ്വ ശിക്ഷാ അഭിയാനി'ല്‍ അഞ്ചു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി, പഴയ ലാവണത്തില്‍തന്നെ തിരിച്ചെത്തിയിരിക്കുന്നു; ജി.എച്ച്. എസ്. എസ്. ആനമങ്ങാട്, മലപ്പുറം ജില്ല. ഇനി നമുക്ക് ഇടക്ക് 'നിലാവി'ലൂടെ കണ്ടുമുട്ടാനാകും എന്ന് പ്രതീക്ഷിക്കാം.


എസ്.എസ്.എ. അനുഭവങ്ങളിലൂടെ...

'സര്‍വ്വ ശിക്ഷാ അഭിയാനി'ല്‍ ജോലി ചെയ്ത അഞ്ചു വര്‍ഷക്കാലം എന്നെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമാണ്. എന്നിലെ അധ്യാപകനു കരുത്തു പകര്‍ന്ന കാലമായിരുന്നു ഇത്. കേരളത്തിന്റെ വിദ്യാഭ്യാസ പരിവര്‍ത്തന-ശാക്തീകരണ പ്രക്രിയയില്‍ ചെറുതല്ലാത്ത പങ്ക്, കൂട്ടായ്മയില്‍ കണ്ണിചേര്‍ന്നുകൊണ്ട് വഹിക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യവുമുണ്ട്.

പ്രവര്‍ത്തന ബാഹുല്യം എന്ന് ഞങ്ങള്‍ എസ്.എസ്.. പ്രവര്‍ത്തകര്‍തന്നെ ആവലാതി പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍, മാറിനിന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കര്‍മോത്സുകമായ ഒരു കാലത്തിന്റെ നിറഞ്ഞാട്ടമാണ് 2006 മുതല്‍ 2011 വരെയുള്ള കാലഘട്ടം കാഴ്ചവച്ചതെന്ന് തിരിച്ചറിയാനാവുന്നു.

  • എന്റെ മരം
  • മണ്ണെഴുത്ത്
  • ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ്
  • ജൈവവൈവിധ്യ വര്‍ഷാചരണം
  • എഴുത്തുകൂട്ടം
  • വായനക്കൂട്ടം
  • നൂറ്റുക്കുനൂറ്
  • ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷമൊരുക്കല്‍
  • മികവ്
  • …..............................

തുടങ്ങി മികവുറ്റ എത്രയെത്ര പ്രവര്‍ത്തനങ്ങള്‍.

കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ ആകമാനം ഇളക്കിമറിച്ചു എന്ന അവകാശവാദത്തിനൊന്നും ഈ പ്രവര്‍ത്തനങ്ങളുടെ പ്രണേതാക്കള്‍ മുതിരുമെന്ന് തോന്നുന്നില്ല. എങ്കിലും ഈ രംഗത്ത് ചെറുതല്ലാത്ത ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ടായി എന്ന് നമുക്കു അഭിമാനപൂര്‍വ്വം പറയാനാകും. മാത്രമല്ല,പഠന പ്രക്രിയയെ ഗവേഷണാത്മകമായി ഏറ്റെടുക്കുന്നതിന് കുറെയേറെ അധ്യാപകരെ പ്രചോദിതരാക്കാന്‍ കഴിഞ്ഞു എന്നതും പ്രാധാന നേട്ടംതന്നെയാണ്.

എന്നാല്‍, ഡി.പി..പി.യുടെ തുടര്‍ച്ചയായി നടപ്പിലാക്കിയ എസ്.എസ്..യെ, നല്ലൊരുപങ്ക് ജനങ്ങളും ചെറുതല്ലാത്ത വിഭാഗം അധ്യാപകരും കണക്കാക്കുന്നത് മറ്റേതൊരു പ്രെജക്ടിനെയും പോലെ സാമ്പത്തിക ക്രമക്കേടിന്റെയും ധൂര്‍ത്തിന്റെയും കേന്ദ്രമായിട്ടാണ്. അതുകൊണ്ടുതന്നെ, എസ്.എസ്.. നടപ്പിലാക്കുന്ന ഏതു പ്രവര്‍ത്തനത്തെയും ഇത്തരക്കാര്‍ നോക്കിക്കാണുന്നത് സംശയദൃഷ്ടിയോടെയും അകലം പാലിച്ചുമാണ്. നടപ്പിലാക്കിയ പരിപാടികളുടെ ഏറ്റടുക്കലിനെയും നിര്‍വഹണത്തെയും ഇത് സാരമായി ബാധിച്ചിട്ടുണ്ടെന്നു പറയാതെവയ്യ. ഇക്കൂട്ടര്‍ക്ക് നാവിളക്കാന്‍ ചില സാഹചര്യങ്ങള്‍ ബോധപൂര്‍വ്വമല്ലെങ്കിലും സൃഷ്ടിക്കപ്പെട്ടു എന്നതിനെ ഇനിയെങ്കിലും പാഠമായി ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്നാണ് 'നിലാവി'ന്റെ അഭിപ്രായം.

ഉയര്‍ന്നു വന്നിരുന്ന ചില വിമര്‍ശനങ്ങള്‍ നോക്കാം -

  • വേണ്ടത്ര ആലോചനയും കൂടിയാലോചനയും ഇല്ലാതെ പരിപാടികള്‍ നടപ്പിലാക്കുന്നു.
  • പരിപാടികള്‍ തീരുമാനിക്കുന്നത് ഏതാനും ചില വ്യക്തികള്‍ മാത്രമാണ്.
  • പരിപാടികളുടെ ബാഹുല്യം വിജയകരമായി ഇവ നടപ്പിലാക്കുന്നതില്‍ വിഘാതം സൃഷ്ടിക്കുന്നു.

ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ബഹുഭൂരിപക്ഷവും ഏറ്റുപറഞ്ഞിരുന്ന ചില വിമര്‍ശനങ്ങളാണിവ.

തീര്‍ത്തും ഉദ്ദേശ്യ ശുദ്ധിയോടെ നടപ്പിലാക്കിയ പല പരിപാടികള്‍ക്കുമെതിരെ ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നുവെങ്കില്‍, ഇതിനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് അത്തരം സാഹചര്യങ്ങളെ ബോധപൂര്‍വ്വം ഇല്ലാതാക്കാന്‍ കഴിയണമായിരുന്നു.

ഇങ്ങനെയെല്ലാമാണെങ്കിലും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്നേറ്റത്തിന് വഴിമരുന്നായ, മേല്‍സൂചിപ്പിച്ച തരത്തിലുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ എസ്.എസ്.. നടപ്പിലാക്കി എന്നത്, ആശയ തലത്തിലും പ്രക്രിയാ രൂപീകരണ വേളയിലും ഇവയ്ക്ക് നേതൃത്വം നല്കിയവര്‍ക്ക് അഭിമാനിക്കാന്‍ വകനല്കുന്നതാണ്.

അടുത്ത ലക്കത്തില്‍ : എസ്.എസ്.എ. അനുഭവങ്ങളിലൂടെ തുടര്‍ച്ച

4 അഭിപ്രായങ്ങൾ:

Ravi. M. പറഞ്ഞു...

തിരിഞ്ഞു നോക്കുമ്പോള്‍ വായിച്ചു. നന്നായി തോന്നി. ഏതായാലും മാഷിന് അടങ്ങിയിരിക്കാനാവില്ലെന്നറിയാം. മാത്രമല്ല സ്വരമാധുരി ഒരനുഗ്രമാണ്. അതും പരിപാടികള്‍ ഗംഭിരമാക്കാന്‍ തീര്‍ച്ചയായും സഹായിക്കും. എല്ലാത്തരം പ്രവര്‍ത്തനങ്ങളിലും കൂടെ നില്‍ക്കാന്‍ ദൂരെയായതിനാല്‍ സാധിക്കില്ലെങ്കിലും മനസ്സു കൊണ്ട് കൂടെയുണ്ടാകുമെന്ന് പറയാനേ പറ്റു. ആശംസകളോടെ. രവി.

drkaladharantp പറഞ്ഞു...

മനോജേ
തിരിഞ്ഞു നോക്കുന്നതോടൊപ്പം മുന്നോട്ടും നോക്കണം
നിലാവ് തുടരുന്നത് നല്ല സന്തോഷമുള്ള കാര്യം

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ പറഞ്ഞു...

കലാധരന്‍ മാസ്റ്റര്‍ക്കും രവി മാഷിനും നന്ദി.
പിന്തുണ തീര്‍ച്ചയായും കരുത്തു പകരും.
തീര്‍ച്ചയായും മുന്നോട്ടുള്ള നോട്ടത്തിനും കുതിപ്പിനും തന്നെയാണ് പ്രാമുഖ്യം.

anamika പറഞ്ഞു...

നിലാവിന്റെ മുന്നോട്ടുളള പ്രയാണത്തിന് എല്ലാവിധ ആശംസകളും നേരുന്നു.അനുഭവങ്ങളിലൂടെയുളള തിരിഞ്ഞുനോട്ടംഇഷ്ടപ്പെട്ടു.അടുത്തലക്കം ആകാംക്ഷയോടെ കാത്തിരിക്കുന്നു.