2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

മുസ്ലിം സ്കൂളുകള്‍ ജനറല്‍ കലണ്ടറിലേക്ക് മാറണമെന്ന് ആവശ്യം


Friday, April 20, 2012

താനൂര്‍: കടുത്ത വേനലിലും പ്രവര്‍ത്തിക്കുന്ന മുസ്ലിം സ്കൂളുകള്‍ ജനറല്‍ കലണ്ടര്‍ സംവിധാനത്തിലേക്ക് മാറണമെന്ന് ആവശ്യം. വേനലില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് കുട്ടികള്‍ക്ക് ദുരിതമായ സാഹചര്യത്തിലാണിത്. സ്കൂള്‍ കിണറുകളില്‍ കുടിവെള്ളമില്ലാതെ കുട്ടികളും അധ്യാപകരും വിഷമിക്കുകയാണ്. വറ്റിവരണ്ട കിണറുകളിലെ മലിനജലം ഉപയോഗിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് രോഗഭീഷണി ഉയര്‍ത്തുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. താനൂര്‍ ഉപജില്ലയില്‍ മാത്രം മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന 50ല്‍പരം പ്രൈമറി സ്കൂളുകളുണ്ട്. മിക്കയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഉച്ചഭക്ഷണം പാകംചെയ്യാന്‍ അധികൃതര്‍ നെട്ടോട്ടമോടുകയാണ്. കുട്ടികള്‍ വിയര്‍ത്തൊലിച്ചാണ് ക്ളാസുകളില്‍ ഇരിക്കുന്നത്. രണ്ടാഴ്ച കൂടി കഴിഞ്ഞാലേ മുസ്ലിം സ്കൂളുകള്‍ മധ്യവേനലവധിക്ക് അടക്കൂ.
യു.പി സ്കൂളുകളില്‍ വ്യാഴാഴ്ചയാണ് പരീക്ഷ തുടങ്ങിയത്. എല്‍.പി സ്കൂളുകളില്‍ ഏപ്രില്‍ 23നാണ് പരീക്ഷ തുടങ്ങുക.
പുതിയ അധ്യയന വര്‍ഷം തുടങ്ങുമ്പോഴേക്കും മുസ്ലിം സ്കൂളുകള്‍ക്ക് റമദാന്‍ അവധി തുടങ്ങും. ഫലത്തില്‍ ജനറല്‍ സ്കൂളുകളെക്കാള്‍ ഒരുമാസം പിറകിലാകും ഇവരുടെ പാഠഭാഗങ്ങള്‍. അതേസമയം, രണ്ട് സ്കൂളുകള്‍ക്കും ഒന്നാം ടേം പരീക്ഷ ഒരേസമയം ആരംഭിക്കുകയും ചെയ്യും.
അധ്യാപകരുടെ ക്ളസ്റ്റര്‍ പരിശീലനത്തെയും ഇത് ബാധിക്കും. ക്ളസ്റ്റര്‍ പരിശീലനങ്ങള്‍ മുസ്ലിം, ജനറല്‍ സ്കൂള്‍ അധ്യാപകര്‍ക്ക് പ്രത്യേകം നടത്തേണ്ടിവരും. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭിക്കാന്‍ ജനറല്‍ സംവിധാനത്തില്‍ സ്കൂളുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
(കടപ്പാട്)
കൂട്ടായ്മ ഇനിയും കരുത്താര്‍ജിക്കണം


'നിലാവ്'ഈ വിഷയം ചര്‍ച്ചക്കെടുത്തതിന്റെ അടുത്ത ദിവസമാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത 'മാധ്യമം' ദിനപത്രത്തില്‍ വന്നത് എന്നത് ഒരു പക്ഷേ യാദൃഛികമായിരിയ്ക്കാം. ഇത്തരമൊരു നെറികേടിനെതിരെ കാലവും സമൂഹവും ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്നത് ശുഭോദര്‍ക്കമാണ്. ഈ ചിന്താ ധാര ഇനിയും ശക്തിപ്പെടേണ്ടതുണ്ട്.
മലപ്പുറം ജില്ലയിലെ താനൂര്‍ ഉപജില്ലയില്‍ നിന്നാണ് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നു വന്നതായി പത്രത്തില്‍ കാണുന്നത്. എന്നാല്‍ ഏതാണ്ട് എല്ലായിടത്തെയും രക്ഷിതാക്കള്‍ ഇതേ വികാരമുള്ളവരാണ്.
  1. അരീക്കോട്  50
  2. കൊണ്ടോട്ടി 61
  3. കുറ്റിപ്പുറം      34
  4. മലപ്പുറം       64
  5. മഞ്ചേരി      41
  6. മങ്കട         42
  7. നിലമ്പൂര്‍     13
  8. പരപ്പനങ്ങാടി 29
  9. പെരിന്തല്‍മണ്ണ 38
  10. താനൂര്‍         49
  11. തിരൂര്‍          10
  12. വേങ്ങര         74
  13. വണ്ടൂര്‍          02
  14. എടപ്പാള്‍       01
  15. പൊന്നാനി      0
എന്നിങ്ങനെയാണ് ജില്ലയിലെ ഓരോ ബി.ആര്‍.സി. പരിധിയിലെയും മുസ്ലിം സ്കൂളുകളുടെ എണ്ണം. ആകെ ജില്ലയില്‍ 508 വിദ്യാലയങ്ങള്‍ ഈ ഗണത്തില്‍ വരും.
മലപ്പുറം ജില്ലയില്‍ പൊന്നാനി യു.ആര്‍.സി. പരിധിയില്‍ മാത്രമാണ് നിലവില്‍ മുസ്ലിം സ്കൂളുകള്‍ ഇല്ലാത്തത്. എടപ്പാള്‍ (1), വണ്ടൂര്‍ (2) എന്നീ ബി.ആര്‍.സി. കളുടെ പരിധിയിലാണ് കുറഞ്ഞ എണ്ണം മുസ്ലിം സ്കൂളുകള്‍. പൊള്ളുന്ന ചൂടില്‍ പഠനം നടത്തുവാന്‍ വിധിക്കപ്പെട്ട കുരുന്നുകളുടെ എണ്ണം രണ്ടു ലക്ഷത്തോളം! പൊതു വിദ്യാഭ്യാസത്തെയും കുട്ടികളെയും സ്നേഹിക്കുന്ന മുഴുവനാളുകളുടെയും കൂട്ടായ്മ ഈ അവധി സമ്പ്രദായത്തനെതിരായി രൂപപ്പെടണം. മനുഷ്യാവകാശ കമ്മീഷനും കോടതികളും ഈ പ്രശ്നം ഏറ്റെടുക്കണം.

2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച

മധ്യവേനലവധി ഏകീകരണം അനിവാര്യം

വെയിലേറ്റ് ജില്ല വിയര്‍ക്കുന്നു

മലപ്പുറം: കനത്ത ചൂടില്‍ ജില്ല വിയര്‍ക്കുന്നു. സൂര്യാഘാതമേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണവും കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ കൂടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ടുമാസമായി ശരാശരി 36 ഡിഗ്രി സെല്‍ഷ്യസാണ് ജില്ലയിലെ താപനില. ഇത് 39ഡിഗ്രിയോളം ഉയര്‍ന്നതായും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പകല്‍ പന്ത്രണ്ടുമുതല്‍ മൂന്നുവരെയാണ് ചൂട് കനക്കുന്നത്. കനത്ത ചൂടിനൊപ്പം ഉഷ്ണവും വരള്‍ച്ചയും കനത്തതോടെ രാത്രിയിലും വെന്തുരുകുന്ന അവസ്ഥയാണ്്. ഴിഞ്ഞ ദിവസം തിരൂര്‍ കൂട്ടായിയില്‍ നാല് മത്സ്യത്തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. കഴിഞ്ഞമാസം അരീക്കോട്ട് മണല്‍ത്തൊഴിലാളികളും പൊള്ളലേറ്റ് ചികിത്സതേടിയിരുന്നു. ജലാശയങ്ങളും പുഴകളും വരള്‍ച്ചയില്‍ മെലിഞ്ഞുശോഷിച്ചു. ജില്ലയില്‍ പലയിടത്തും കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ് കുടുംബങ്ങള്‍. ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ കടലുണ്ടിപ്പുഴയും വരള്‍ച്ചയുടെ പിടിയിലമര്‍ന്നു. ഇതോടെ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും കുടിവെള്ളത്തിന് മറ്റുവഴിതേടേണ്ടിവരും. മുന്‍കാലങ്ങളിലുണ്ടായ വേനല്‍ മഴയും ഇത്തവണ കനിഞ്ഞില്ല. നേരിട്ട് വെയിലേല്‍ക്കുന്ന ജോലിയില്‍നിന്ന് മാറിനില്‍ക്കുക, തുടര്‍ച്ചയായി ഉച്ചവെയില്‍ കൊള്ളാതിരിക്കുക, ഇടക്കിടെ ശുദ്ധജലം കുടിക്കുക, ഭക്ഷണത്തില്‍ ധാരാളം പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുക, കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കുക എന്നിവയാണ് ചൂടിനെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍. കനത്ത ചൂടില്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാനിടയുള്ളതിനാല്‍ കുട്ടികളെയും പ്രായമായവരെയും രോഗികളെയും പ്രത്യേകം ശ്രദ്ധിക്കണം.

ഒരു പ്രമുഖ ദിനപത്രത്തില്‍ 19 ഏപ്രില്‍ 2012 ന് വന്ന വാര്‍ത്തയാണിത്. വേനല്‍ച്ചൂട് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നതുകൊണ്ടാണ് പ്രധാനമായും മധ്യവേനല്‍ അവധി സമ്പ്രദായം നിലവില്‍ വന്നത്. മധ്യവേനലവധിക്കാലമല്ലാത്തപ്പോഴും, ചൂട് കനക്കുന്ന സന്ദര്‍ഭങ്ങളില്‍ സ്കൂള്‍ പ്രവൃത്തിസമയം പുനഃക്രമീകരച്ച് ചൂടിന്റെ ആഘാതത്തില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന രീതിയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ അനുവര്‍ത്തിച്ചുപോരുന്നത്. എന്നാല്‍ ഈ വ്യവസ്ഥകളൊന്നും ബാധകമല്ലാത്ത ഒരുപറ്റം വിദ്യാലയങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്; അതും ഈ സാക്ഷര കേരളത്തില്‍! ഇത് ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. നാമമാത്രമായി മറ്റു വടക്കന്‍ ജില്ലകളിലുമുണ്ട്. ഔദ്യോഗികമായി 'മുസ്ലിം സ്കൂളുകള്‍' എന്ന് നാകരണം ചെയ്തിട്ടുള്ള ഈ വിദ്യാലയങ്ങളില്‍ വേനല്‍ ചുട്ടു പൊള്ളുമ്പോഴാണ് പഠനച്ചൂടും പരീക്ഷച്ചൂടും കനക്കുന്നത്.

മലപ്പുറം ജില്ലയില്‍ അഞ്ഞൂറിലധികം എല്‍.പി./യു.പി. വിദ്യാലയങ്ങള്‍ മുസ്ലിം സ്കൂളുകളാണ്. ഏതാണ്ട് 190000 (ഒരു ലക്ഷത്തി തൊണ്ണൂറായിരം) കുട്ടികള്‍ ഇവിടെ പഠിക്കുന്നു. മറ്റു വടക്കന്‍ ജില്ലകളിലെ എണ്ണംകൂടി ചേര്‍ത്തു വച്ചാല്‍ സംഖ്യ ഇനിയും വലുതാകും. റംസാന്‍ വ്രത കാലത്ത് ഒരു മാസം അവധി നല്കുന്ന ഈ വിദ്യാലയങ്ങള്‍, അവരുടെ അധ്യയന ദിനങ്ങള്‍ ക്രമപ്പെടുത്തുന്നത് ഏപ്രില്‍ മാസത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ്. വേനല്‍ ഇത്രയൊന്നും കഠിനമല്ലാതിരുന്ന ഒരു കാലത്ത്, മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് റംസാന്‍ വ്രതമനുഷ്ഠിക്കുന്നതിന് സൗകര്യപ്പെടും വിധം നടപ്പിലാക്കിയ ഈ അവധിസമ്പ്രദായം അക്കാലത്ത് വലിയ പ്രയാസങ്ങള്‍ക്കൊന്നും വഴിവച്ചിരുന്നില്ല. എന്നാല്‍, നമ്മുടെ പരിസ്ഥിതിക്കേറ്റ ആഘാതങ്ങളുടെ ഫലമായി വേനല്‍ കനക്കുകയും അപകടകരമാം വിധം ചൂട് കൂടുകയും ചെയ്ത സാഹചര്യത്തില്‍ മുസ്ലിം സ്കൂളുകളുടെ അവധി സംബന്ധിച്ച് പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു.

പൊതു കലണ്ടറില്‍നിന്ന് മാറി പ്രവര്‍ത്തിക്കുന്നതുകൊണ്ട് അക്കാദമികമായ ചില പരിമിതികളും ഈ വിദ്യാലയങ്ങള്‍ നേരിടുന്നുണ്ട്.

  • വിദ്യാലയ വര്‍ഷം ആരംഭിച്ച് ഏതാണ്ട് പഠന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോഴേക്കും ഒരു മാസത്തെ നോമ്പ് അവധി ആരംഭിക്കുന്നു.പിന്നീട് സ്കൂള്‍ തുറക്കുമ്പോഴേക്കും തുടങ്ങി വച്ച പഠനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച നഷ്ടപ്പെട്ടിട്ടുണ്ടാകും, പിന്നെ ആദ്യം മുതല്‍ തുടങ്ങണം. ഫലത്തില്‍ ഇത്തരം വിദ്യാലയങ്ങളില്‍ അക്കാദമിക വര്‍ഷം ആരംഭിക്കുന്നത് നോമ്പവധിക്കുശേഷമാണ്.
  • ഏപ്രില്‍ മാസത്തില്‍ കാര്യമായ പഠനമൊന്നും ഇവിടങ്ങളില്‍ നടക്കാനിടയില്ല. വാര്‍ഷികാഘോഷം, അതിനായുള്ള പരിശീലനം, പരീക്ഷ …!

പല വിദ്യാലയങ്ങളിലെയും പി.ടി..കള്‍ ഈ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് കൂട്ടായ തീരുമാനത്തിലൂടെ പൊതു കലണ്ടറിലേക്ക് മാറിക്കഴിഞ്ഞു. ഈ മാറ്റം ഇത്തരത്തിലുള്ള എല്ലാ വിദ്യാലയങ്ങളും ആഗ്രഹിക്കുന്നുണ്ട് എന്നതാണ് വസ്തുത. എന്നാല്‍, സങ്കുചിത താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചില വ്യക്തികള്‍ തടസ്സ വാദം ഉന്നയിക്കുന്നതുകൊണ്ടു മാത്രമാണ് ഇവ നിലവിലുള്ള രീതിയില്‍ തുടരുന്നത്. തടസ്സ വാദങ്ങള്‍ നിരത്തുന്നവര്‍ മതത്തെയും വിശ്വാസത്തെയുമാണ് ഇതിനായി കൂട്ടു പിടിക്കുന്നത്. എന്നാല്‍ ഇതിന് യാതൊരു ന്യായീകരണവുമില്ല എന്നതാണ് വാസ്തവം. കാരണം, മതവിഭാഗങ്ങള്‍ നടത്തുന്ന ധാരാളം അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ ഇവിടെയുണ്ട്. ഇവയെല്ലാം തന്നെ പിന്തുടരുന്നത് ജനറല്‍ കലണ്ടറാണ്! അവിടങ്ങളില്‍ ആരുടെയും വിശ്വാസത്തെ ഹനിക്കുന്നതായി പറഞ്ഞു കേട്ടിട്ടില്ല. തന്നെയുമല്ല, മലപ്പുറം ജില്ലയില്‍ പൊതുകലണ്ടര്‍ പിന്തുടരുന്ന വിദ്യാലയങ്ങളിലും ഏറിയകൂറും പഠിക്കുന്നത് മത വിശ്വാസികളായ മുസ്ലിം കുട്ടികള്‍തന്നെയാണ്. ഇങ്ങനെയുള്ള വിദ്യാലയത്തില്‍ പഠിക്കുന്നതുകൊണ്ട് മതാനുഷ്ഠാനത്തിനോ വ്രതമെടുക്കലിനോ തടസ്സം നേരിട്ടതായി ആരും പറഞ്ഞു കേട്ടിട്ടില്ല. എടുത്തു പറയേണ്ടുന്ന മറ്റൊരു കാര്യം, മുസ്ലിം മത സംഘടനകള്‍തന്നെ മുന്‍കയ്യെടുത്ത് കുറെയേറെ വിദ്യാലയങ്ങളെ ഒരു ഘട്ടത്തില്‍ പൊതു കലണ്ടറിലേക്ക് മാറ്റിയിട്ടുണ്ട് എന്നതാണ്.

പൊള്ളുന്ന ഈ വേനല്‍ കാലത്തും ക്ലാസ്സ് മുറികളില്‍ അടച്ചിടപ്പെടുന്ന കുട്ടികളുടെ പ്രയാസങ്ങള്‍ തിരിച്ചറിയാന്‍ ഏറെയൊന്നും പഠിക്കേണ്ടതില്ല, മനുഷ്യത്വ പരമായി ചിന്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രംമതി.

എന്തുകൊണ്ട് ജനറല്‍ കലണ്ടറിലേക്ക് മാറണം

  • പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കെല്ലാം തുല്യ പരിഗണനയും പ്രോത്സാഹനവും ലഭിക്കണം.
  • കേരളീയന്റെ ജീവിത ക്രമം ഏറക്കുറെ കുട്ടികളുടെ പഠനത്തിനനുസരിച്ച് ചിട്ടപ്പെടുത്തിയതാണ്. വിപണിയും സമൂഹവും യാത്രകളുമെല്ലാം ഇതിനനുസരിച്ച് ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഈ മുഖ്യധാരയില്‍നിന്ന് ഏതാനും പേര്‍ മാത്രം അകറ്റി നിര്‍ത്തപ്പെട്ടുകൂട.
  • പഠനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച കുട്ടികള്‍ക്ക് ലഭ്യമാകണം.
  • ആരോഗ്യ സംരക്ഷണം കുട്ടികളുടെ അവകാശമാണ്.

വിശ്വാസ സംരക്ഷണത്തിനായി എന്തു ചെയ്യാനാകും

റമദാന്‍ മാസത്തില്‍ മലപ്പുറം ജില്ലയിലെ ഹൈസ്കൂളുകളടക്കം പ്രവൃത്തി സമയത്തില്‍ പുനഃക്രമീകരണം ഏര്‍പ്പെടുത്താറുണ്ട്. രാവിലെ കുറച്ചു നേരത്തേ ക്ലാസ്സ് ആരംഭിക്കുകയും വൈകിട്ട് അല്പം നേരത്തെ സ്കൂള്‍ വിടുകയും ചെയ്യുന്ന രീതിയാണ് ഇവര്‍ ഭൂരിപക്ഷവും പിന്തുടരുന്നത്. പൊതു കലണ്ടറിലേക്ക് മാറുന്ന മുസ്ലിം സ്കൂളുകള്‍ക്കും ഈ രീതി പിന്‍തുടരാവുന്നതേയുള്ളു.

ആരു മുന്‍കയ്യെടുക്കണം

മത പുരോഹിതന്മാരും വിശ്വാസികളും രക്ഷിതാക്കളുമടങ്ങുന്ന കൂട്ടായ്മ മുന്‍കയ്യെടുത്താല്‍ മാത്രമേ മാപ്പിള സ്കൂളുകളെ പൊതു കലണ്ടറിലേക്ക് കൊണ്ടുവരാനാകൂ. അതോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും വേണ്ടതുണ്ട്. കുട്ടികളുടെ അവകാശങ്ങളെ അടിസ്ഥാനമാക്കി 'വിദ്യാഭ്യാസ അവകാശ നിയമം' കൂടി നിലവില്‍വന്ന സാഹചര്യത്തില്‍ ഭരണകൂടത്തിനും ഇതില്‍ മുഖ്യപങ്കു വഹിക്കാനുണ്ട്.

ഇത് ഗൗരവമേറിയ ഒരു മനുഷ്യാവകാശ പ്രശ്നംകൂടിയാണ്. ആ നിലയ്ക്കാണ് ഈ വിഷയത്തെ സമീപിക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതും.

2012, ഏപ്രിൽ 10, ചൊവ്വാഴ്ച

പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന അശാസ്ത്രീയ പരിഷ്കാരങ്ങള്‍

എം ഷാജഹാന്‍

(കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

(2012 ഏപ്രില്‍ 11ന് 'ദേശാഭിമാനി' പ്രസിദ്ധീകരച്ച ലേഖനം, അതിന്റെ കാലിക പ്രസക്തി കണക്കലെടുത്ത് 'നിലാവ്' പങ്കുവയ്ക്കുന്നു)

വിദ്യാഭ്യാസ അവകാശനിയമം ലക്ഷ്യമിടുന്ന കാര്യങ്ങള്‍ അരനൂറ്റാണ്ടു മുന്‍പ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. പന്ത്രണ്ടാം തരംവരെയുള്ള വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് നമ്മുടെ പൊതുവിദ്യാഭ്യാസ സംവിധാനം വളര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് വിദ്യാഭ്യാസ അവകാശനിയമം യാന്ത്രികമായി ഇവിടെ നടപ്പാക്കരുത് എന്നു പറയുന്നത്. ശക്തമായ അടിത്തറയും ബഹുജനസ്വാധീനവുമുള്ള കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് വളരെ ശ്രദ്ധയോടെയായിരിക്കണം. അഞ്ചാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയിലും എട്ടാം ക്ലാസുവരെയുള്ളവര്‍ക്ക് മൂന്ന് കിലോമീറ്റര്‍ പരിധിയിലും പഠിക്കാന്‍ ആവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ഏതെങ്കിലും പ്രദേശത്ത് ഈ സംവിധാനം ഇല്ലെങ്കില്‍ അവിടെയുള്ള എല്‍പി സ്കൂളുകളില്‍ അഞ്ചാം ക്ലാസ് ആരംഭിക്കുകയോ യുപി സ്കൂളുകള്‍ ഹൈസ്കൂളുകളായി ഉയര്‍ത്തുകയോ ചെയ്യണം. തീരദേശ- മലയോര പ്രദേശങ്ങളില്‍ ആവശ്യമായ സ്കൂളുകള്‍ ആരംഭിച്ചാല്‍തന്നെ ലളിതമായി പരിഹരിക്കാവുന്ന പ്രശ്നമാണിത്. ഒരു കുട്ടിക്കുപോലും പഠനത്തിനുള്ള അവസരം നിഷേധിക്കാന്‍ പാടില്ല എന്നതാണ് നിയമത്തിന്റെ കാതല്‍. അണ്‍-എക്കണോമിക് എന്നുപറഞ്ഞ് സ്കൂള്‍ അടച്ചുപൂട്ടുന്നത് നിയമത്തിന്റെ അന്തഃസത്തയ്ക്കെതിരാണ്. ആറുവയസ്സിലെങ്കിലും സ്കൂള്‍ പ്രവേശനം ആരംഭിച്ച് 14 വയസ്സുവരെ എല്ലാ ക്ലാസിലും വിജയിക്കുന്ന തരത്തില്‍ പഠനം ഉറപ്പാക്കണം എന്നത് പ്രധാനമാണ്. അതിനുള്ള സൗകര്യം ഉണ്ടാവണം എന്നല്ലാതെ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുത്തണമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നില്ല. ദേശീയ പാറ്റേണ്‍ നിയമത്തില്‍ പറയുന്നു എന്നുമാത്രം. കേരളം ഒഴികെയുള്ള ഒരു സംസ്ഥാനവും നിലവിലുള്ള സ്കൂള്‍സംവിധാനത്തിലും ഘടനയിലും മാറ്റം വരുത്താന്‍ ഇതുവരെയും ആലോചിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാരാകട്ടെ ഘടനാപരമായ മാറ്റത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നു. യുപി സ്കൂളുകളും സമീപപ്രദേശത്തെ എല്‍പി സ്കൂളുകളും ചേര്‍ത്ത് ക്ലസ്റ്ററുകളുടെ സ്വഭാവത്തിലാക്കി കുട്ടികള്‍ കുറവുള്ള സ്കൂളുകളെ കലാകായിക കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതികള്‍ക്കാണ് രൂപംനല്‍കുന്നത്. ഫലത്തില്‍ രണ്ടായിരത്തോളം സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള കരുനീക്കമാണ് നടക്കുന്നത്. സൗജന്യവിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കി നിര്‍ബന്ധിതഫീസ് നിലവിലുള്ള സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി കൊടുക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍.

ഒന്നാം ക്ലാസ് പ്രവേശനം

ഡല്‍ഹി, ആന്ധ്രപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും സ്കൂള്‍ പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ചുവയസ്സാണ്. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ചുവയസ്സില്‍ സ്കൂള്‍പ്രവേശനം നടക്കുന്ന ഒരു സംസ്ഥാനത്തും പ്രായപരിധി ഉയര്‍ത്തിയിട്ടില്ല. ആറ് വയസ്സുള്ള മുഴുവന്‍ കുട്ടികളും രണ്ടാംക്ലാസില്‍ പഠിക്കുന്ന കേരളത്തില്‍ അവരെ ഒന്നില്‍ പ്രവേശിപ്പിക്കണം എന്നു തീരുമാനിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനുമാത്രമേ കഴിയൂ. മാത്രമല്ല മൂന്നു വയസ്സുമുതല്‍ അഞ്ചു വയസ്സുവരെയുള്ള പ്രീ-പ്രൈമറി വിദ്യാഭ്യാസമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. അഞ്ചു വയസ്സുള്ള നാലുലക്ഷം കുട്ടികള്‍ സ്കൂള്‍പ്രവേശനത്തിനൊരുങ്ങുമ്പോള്‍ നിങ്ങള്‍ക്ക് അടുത്തവര്‍ഷമേ പ്രവേശനമുള്ളൂ എന്നുപറഞ്ഞാല്‍ കേരളത്തിലെ ഏതെങ്കിലും രക്ഷിതാക്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയുമോ? ആറുമാസത്തെ വയസ്സിളവുകൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനമുണ്ടാകുമോ? ഫലത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒരു കുട്ടിയും പ്രവേശിക്കേണ്ട എന്ന പ്രഖ്യാപനമല്ലേ ഇതിലൂടെ സര്‍ക്കാര്‍ നടത്തിയത്. പൊതുവിദ്യാലയങ്ങളില്‍ പ്രവേശനമില്ല അതുകൊണ്ട് ഇനി സിബിഎസ്ഇ വിദ്യാലയങ്ങള്‍ മതിയെന്ന് പ്രഖ്യാപിക്കാനാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അഞ്ചുവയസ്സില്‍ സ്കൂളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ സ്കൂള്‍പ്രവേശനം നിഷേധിക്കരുതെന്ന ഡല്‍ഹി ഹൈക്കോടതി വിധി സര്‍ക്കാര്‍ കണ്ണുതുറന്ന് കാണണം. പ്രീ-പ്രൈമറി വിദ്യാഭ്യാസം നാലു വയസ്സുമുതല്‍ ആറ് വയസ്സുവരെയാക്കി മാറ്റുകയും എല്ലാ പൊതുവിദ്യാലയങ്ങളിലും പ്രീ-പ്രൈമറി വിദ്യാഭ്യാസം തുടങ്ങുന്നതുവരെയും അഞ്ചുവയസ്സില്‍തന്നെ സ്കൂള്‍ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ഘടനാപരമായ മാറ്റം

അഞ്ചാംക്ലാസുവരെയുള്ള എല്‍പി സ്കൂളുകളും 6-8 വരെയുള്ള യുപി സ്കൂളുകളുമായി, വിദ്യാലയങ്ങളുടെ ഘടനയില്‍ വരുന്നവര്‍ഷം മുതല്‍ മാറ്റം വരുത്തുമെന്ന് തീരുമാനിച്ചിരിക്കുകയാണ്. 9, 10 ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറിയുടെ ഭാഗമാക്കുമെന്നും ഹയര്‍സെക്കന്‍ഡറിയിലെ 43 വിഷയങ്ങളുടെ കോമ്പിനേഷനുകള്‍ കുറയ്ക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. തൊഴിലധിഷ്ഠിതകോഴ്സുകള്‍ വരുന്ന വര്‍ഷംമുതല്‍ നിര്‍ത്തലാക്കി ഹയര്‍സെക്കന്‍ഡറിയുടെ ഓപ്ഷണാക്കിമാറ്റും എന്നാണ് മന്ത്രി പറയുന്നത്. ഈ മാറ്റങ്ങളെക്കുറിച്ചൊന്നും അറിയില്ലെന്നാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. നിയമസഭാസാമാജികനായ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും ഇതിനെ എതിര്‍ത്തിട്ടുണ്ട്. വേണ്ടത്ര ചര്‍ച്ചകളോ ആലോചനകളോ യുഡിഎഫില്‍പോലും നടത്താതെയാണ് ഘടനാമാറ്റത്തെയും പരിഷ്കാരങ്ങളെയുംകുറിച്ച് മന്ത്രി പ്രഖ്യാപിക്കുന്നത്. സെക്കന്‍ഡറിതലംവരെയുള്ള 11,794 സ്കൂളും 1873 ഹയര്‍സെക്കന്‍ഡറി സ്കൂളും 389 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളും രണ്ടുലക്ഷത്തോളം അധ്യാപകരും അരക്കോടിയോളം വിദ്യാര്‍ഥികളും പതിനായിരത്തോളം ജീവനക്കാരും ഉള്‍പ്പെടുന്ന നിലവിലുള്ള സംവിധാനത്തിനകത്ത് വരുന്ന ഏതൊരു മാറ്റവും കേരളീയ സമൂഹം ഗൗരവമായി കാണണം. ഇരുപതു ശതമാനത്തോളംവരുന്ന സമ്പന്നരായ മധ്യവര്‍ഗത്തിന്റെ മനോഭാവത്തില്‍നിന്ന് നോക്കികാണേണ്ട ഒന്നല്ല നമ്മുടെ പൊതുവിദ്യാഭ്യാസം. നിലവിലുള്ള സ്കൂള്‍ സംവിധാനത്തെ ഒറ്റയടിക്ക് മാറ്റിക്കളയാം എന്ന് ആഗ്രഹിക്കുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയെ സ്വപ്നം കാണുന്നവരാണ്. മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ നേതൃത്വം നല്‍കിയ കെഇആര്‍ പരിഷ്കരണത്തിനുള്ള റിപ്പോര്‍ട്ടിലും കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 ലും നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. പരമാവധി പരിക്കുകള്‍ കുറച്ച് ഘടനാമാറ്റം നടപ്പാക്കാന്‍ ലിഡാ കമീഷന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളുണ്ട്. ഇതൊന്നും പരിഗണിക്കാതെ പൊതുവിദ്യാഭ്യാസത്തിന്റെ നിലനില്‍പ്പിനെതന്നെ അപകടത്തിലാക്കുന്ന പ്രഖ്യാപനങ്ങളുമായി വിദ്യാഭ്യാസമന്ത്രിയും വകുപ്പും മുന്നോട്ടുപോവുകയാണ്. കുട്ടികളുടെ പഠനത്തെ ഈ മാറ്റങ്ങള്‍ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേന്ദ്രഫണ്ട് വേണമെങ്കില്‍ ഘടനാപരമായ മാറ്റം അനിവാര്യമാണ് എന്ന വാദം തെറ്റാണ്. ഘടനാമാറ്റത്തെക്കുറിച്ച് ആലോചിക്കാത്ത സംസ്ഥാനങ്ങളില്‍ ഇതിനേക്കാള്‍ ഫണ്ട് ലഭിക്കുന്നുണ്ട്. നിലവിലുള്ള സംവിധാനം തകര്‍ന്നാലും വേണ്ടില്ല ഫണ്ട് മതിയെന്ന ചിന്ത ആരോഗ്യകരമല്ല. ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത സംവിധാനങ്ങളെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഏകോപിപ്പിക്കുന്നതിനുപകരം ചിലതൊക്കെ നിലനിര്‍ത്താനും ചിലതൊക്കെ കൂട്ടിചേര്‍ക്കാനും വീണ്ടും വെട്ടിമുറിക്കാനും ശ്രമിക്കുന്നത് പൊതുവിദ്യാഭ്യാസത്തോടുള്ള താല്‍പ്പര്യത്തെയല്ല കാണിക്കുന്നത്. സര്‍ക്കാര്‍ മാത്രമല്ല തദ്ദേശസ്ഥാപനങ്ങളും സ്കൂളുകളുടെ ചുമതല വഹിക്കുന്നുണ്ട്. അധ്യാപക സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടികള്‍ തദ്ദേശസ്ഥാപനങ്ങളിലെ ഭരണാധികാരികള്‍ എന്നിവരുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. നിലവിലുള്ള സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകളാണ് വേണ്ടത്. 9, 10 ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറിയുടെ ഭാഗമാക്കണമെന്നും, എസ്എസ്എല്‍സി പരീക്ഷ ഇന്നത്തേതുപോലെ നടത്തണമോ എന്നും മന്ത്രിതന്നെ ചോദിക്കുന്നതില്‍ അനൗചിത്യമുണ്ട്. ഹയര്‍സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലും കാലികമായ പരിഷ്കാരങ്ങള്‍ ആവശ്യമാണ്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ നിലവിലുള്ള 42 കോഴ്സില്‍ മാറ്റം വേണ്ടെന്ന് ആരും പറയുമെന്ന് കരുതുന്നില്ല. ഒരു പരിഷ്കാരമെന്നതിനു പകരം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി നിര്‍ത്തലാക്കി കോഴ്സുകള്‍ ഹയര്‍സെക്കന്‍ഡറിയുടെ ഭാഗമാക്കണം എന്ന പ്രഖ്യാപനം പരിഹാരമാര്‍ഗമല്ല. 6600 അധ്യാപകരും അമ്പതിനായിരത്തിലധികം കുട്ടികളും അയ്യായിരത്തിലധികം ജീവനക്കാരുമുള്ള ഒരു സംവിധാനം അടുത്ത വര്‍ഷംമുതല്‍ നിര്‍ത്തും എന്ന പ്രഖ്യാപനം നല്ല അര്‍ഥത്തിലുള്ളതല്ല. പതിറ്റാണ്ടുകളുടെ പരിശ്രമങ്ങളിലൂടെ കേരളത്തിലെ ജനങ്ങള്‍ പടുത്തുയര്‍ത്തിയ പൊതുവിദ്യാഭ്യാസം തകരുന്നതിനിടയാക്കുന്ന ഒരു നടപടിയും അംഗീകരിക്കാന്‍ കഴിയില്ല. എസ്സിഇആര്‍ടി, എസ്എസ്എ, ആര്‍എംഎസ്എ, സീമാറ്റ്, ഐടി@ സ്കൂള്‍ തുടങ്ങിയ അക്കാദമിക സമിതികളെയും കരിക്കുലം കമ്മിറ്റിയെതന്നെയും നോക്കുകുത്തിയാക്കി കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ മികവുകളെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച നമ്മുടെ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന പ്രതിലോമകരമായ പരിഷ്കാരങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.

2012, ഏപ്രിൽ 9, തിങ്കളാഴ്‌ച

നൂറ്റുക്കുനൂറ്

സര്‍വ്വ ശിക്ഷാ അഭിയാന്‍ മുന്നോട്ടുവച്ച പരിപാടികളില്‍, ഒരു ഭാഷാ അധ്യാപകന്‍ എന്ന നിലയ്ക്ക് എന്നെ ഏറെ സ്വാധീനിച്ചത് 'നൂറ്റുക്കുനൂറാ'യിരുന്നു. കേരളത്തിലെ തെരഞ്ഞടുത്ത നൂറു പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ ഈ പരിപാടി ഇംഗ്ലീഷ് (ACE), ഹിന്ദി (मीठी हिंदी), ഗണിതം (easy maths)എന്നീ വിഷയങ്ങളുടെ പഠന പ്രക്രിയയില്‍ കാതലായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു.

  • സാമൂഹ്യ ജ്ഞാനനിര്‍മിതി വാദത്തിന്റെ സാര്‍ഥകമായ പ്രയോഗവത്കരണത്തിന് ഈ പദ്ധതി തുടക്കമിട്ടു. ഖ്യാനത്തെ ഒരു പെഡഗോജിക് ടൂളായി (narrative as a pedagogic tool) അവതരിപ്പിക്കുകവഴി ഭാഷാ ക്ലാസ്സുകളെ സര്‍ഗാത്മക ഇടപെടലുകളുടെ വേദിയാക്കിമാറ്റാന്‍ കഴിഞ്ഞു.
  • കുട്ടികളിലെ ചിന്താ പ്രക്രിയയെ ഉണര്‍ത്തുകവഴി ഭാഷയെ ഉദ്പാദിപ്പിക്കാനാകുമെന്ന് തെളിയിക്കപ്പെട്ടു.
  • ഭാഷാക്ലാസ്സുകളില്‍ തെറ്റുതിരുത്തല്‍ (editing) പ്രക്രിയക്കുള്ള പ്രാധാന്യം വ്യക്തമാക്കുക വഴി ഭാഷാ ശേഷികള്‍ കൈവരിക്കുന്നതിനുള്ള തികച്ചും ശാസ്ത്രീയമായ മാര്‍ഗം അവതരിപ്പിക്കപ്പെട്ടു.
  • ഹൃദ്യമായ അനുഭവങ്ങള്‍ ഒരുക്കിക്കൊടുത്ത പഠന പ്രക്രിയകളിലൂടെ ഇംഗ്ലീഷും ഹിന്ദിയും ഗണിതവും കുട്ടികള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളായി മാറി.
  • കേരളത്തില്‍ നടപ്പിലാക്കിയ പാഠപുസ്തക പരിഷ്കരണത്തിന് ദിശാബോധം നല്കുവാന്‍ ഈ പദ്ധതിയ്ക്കായി.
  • സ്വന്തം അനുഭവ പരിസരവുമായി ചേര്‍ത്തുവച്ചുകൊണ്ട് ഭാഷയെയും ഗണിതത്തെയും കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതിനാല്‍ പഠനം ജീവിതഗന്ധിയായി.
  • പ്രക്രിയാ ബന്ധിതമായി ഈ പദ്ധതി നടപ്പിലാക്കിയ വിദ്യാലയങ്ങള്‍ വലിയ നേട്ടങ്ങളാണ് കേരളത്തിലെ പൊതുസമൂഹത്തിനുമുന്നില്‍ അവതരപ്പിച്ചത്.

ഈ പദ്ധതിയുടെ മികവുകളെ, വിമര്‍ശകര്‍ക്കുപോലും കണ്ടില്ലെന്നു നടിക്കാനായിട്ടില്ല. കേരളത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഈ രിതി വഴങ്ങുന്നതല്ല, അതുകൊണ്ട് ഇത് പ്രായോഗികമല്ല എന്ന വിമര്‍ശനമാണ് അവര്‍ പ്രധാനമായും ഉന്നയിച്ചത്. അധ്യാപകരെ മുന്നില്‍ കണ്ടുകൊണ്ടാണോ, വിദ്യാര്‍ഥികളെ മുന്നില്‍ കണ്ടുകൊണ്ടാണോ പാഠ്യപദ്ധതിയും പ്രക്രിയയും രൂപീകരിക്കേണ്ടതെന്ന പ്രസക്തമായ ചോദ്യത്തിന് വിമര്‍ശകര്‍ മറുപടി പറയേണ്ടതുണ്ട്. കേരളത്തിലെ അധ്യാപകര്‍ യോഗ്യതയുടെ കാര്യത്തിലും കഴിവിന്റെ കാര്യത്തിലും ഏറെ മുന്നിലാണെന്നാണ് പൊതുവെ നിലനില്ക്കുന്ന ധാരണയും വസ്തുതയും. ഇവരെ പൂര്‍ണമായും വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഇവിടെ ഏതു പരിഷ്കരണവും പരിപാടിയും നടപ്പിലാക്കിയിട്ടുള്ളത്. 'നൂറ്റുക്കുനൂറും' ഇതില്‍നിന്ന് വ്യത്യസ്ഥമല്ല. മാത്രമല്ല, അധ്യാപകരെ സമീപനം ബോധ്യപ്പെടുത്തുന്നതിനായി മികച്ച പരിശീലനങ്ങളും ഇതിന്റെ ഭാഗമായി നടന്നു.

പരിപാടി നടപ്പിലാക്കിയ നൂറു പഞ്ചായത്തുകളിലും മികവുറ്റ കുറേ പ്രവര്‍ത്തനങ്ങള്‍ നടന്നു.

  • പാഠഭാഗങ്ങളെ അധികരിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചലച്ചിത്രങ്ങള്‍
  • കുട്ടികളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രസിദ്ധീകരണങ്ങള്‍
  • കുട്ടികളുടെ പലതരത്തിലുള്ള അവതരണങ്ങള്‍ …
  • റിയാലിറ്റി ഷോകള്‍ നടത്തിക്കൊണ്ടാണ് ചില പഞ്ചായത്തുകള്‍ രക്ഷിതാക്കളും പൊതുജനങ്ങളുമായി 'നൂറ്റുക്കുനൂറി'ന്റെ മികവുകള്‍ പങ്കുവച്ചത്.

ഈ മികവുകളും മാതൃകകളും പാഠപുസ്തക പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തെല്ലൊന്നുമല്ല കരുത്തു പകര്‍ന്നത്.

'നൂറ്റുക്കുനൂറി'ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഡോ. കെ. എന്‍. ആനന്ദന്‍, ശ്രീ. ടി. പി. കലാധരന്‍ എന്നിവരോടൊപ്പമുള്ള അനുഭവങ്ങള്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും അക്കാദമിക രംഗത്ത് കരുത്താര്‍ജിക്കുവാന്‍ കാരണമായിട്ടുണ്ട്. ഇവര്‍ പുലര്‍ത്തുന്ന നിതാന്ത ജാഗ്രതയും അര്‍പ്പണ മനോഭാവവും പലപ്പോഴും ഞങ്ങളെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അക്കാദമിക പ്രവര്‍ത്തനത്തെ ജീവിതചര്യയാക്കിമാറ്റിയ ഇവര്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും മാതൃകകളാണ്.

'നൂറ്റുക്കുനൂറി'ല്‍ ഹിന്ദികൂടി ഉള്‍പ്പെടുത്തുന്നതിന് പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയ ശ്രീ. ജോണ്‍ ഫിലിപ്പു മാഷും കാര്യമായ പ്രോത്സാഹനം ഞങ്ങള്‍ക്ക് നല്കിയിട്ടുണ്ട്.

2012, മാർച്ച് 31, ശനിയാഴ്‌ച

തിരിഞ്ഞുനോക്കുമ്പോള്‍

ക്ഷമിക്കണം, ഇടവേളയുടെ ദൈര്‍ഘ്യം വല്ലാതെ കൂടിപ്പോയി. കുറെയേറെപ്പേര്‍ ഇഷ്ടപ്പെടുകയും സന്ദര്‍ശിക്കുകയും ചെയ്തുതുടങ്ങിയ ഘട്ടത്തിലാണ് 'നിലാവ്' നിശ്ചലമായത്. മാന്യ വായനക്കാര്‍ ക്ഷമിക്കുക. അക്ഷന്തവ്യമായ ഈ ഇടവേളയുടെ കാരണം കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ചതുതന്നെ, തൊഴില്‍ രംഗത്ത് ഏറ്റെടുക്കേണ്ടിവന്ന അധികച്ചുമതലകള്‍.
ഇപ്പോള്‍ തിരക്കിന്റെ കാഠിന്യം അല്പം കുറഞ്ഞിരിക്കുന്നു. 'സര്‍വ്വ ശിക്ഷാ അഭിയാനി'ല്‍ അഞ്ചു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി, പഴയ ലാവണത്തില്‍തന്നെ തിരിച്ചെത്തിയിരിക്കുന്നു; ജി.എച്ച്. എസ്. എസ്. ആനമങ്ങാട്, മലപ്പുറം ജില്ല. ഇനി നമുക്ക് ഇടക്ക് 'നിലാവി'ലൂടെ കണ്ടുമുട്ടാനാകും എന്ന് പ്രതീക്ഷിക്കാം.


എസ്.എസ്.എ. അനുഭവങ്ങളിലൂടെ...

'സര്‍വ്വ ശിക്ഷാ അഭിയാനി'ല്‍ ജോലി ചെയ്ത അഞ്ചു വര്‍ഷക്കാലം എന്നെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമാണ്. എന്നിലെ അധ്യാപകനു കരുത്തു പകര്‍ന്ന കാലമായിരുന്നു ഇത്. കേരളത്തിന്റെ വിദ്യാഭ്യാസ പരിവര്‍ത്തന-ശാക്തീകരണ പ്രക്രിയയില്‍ ചെറുതല്ലാത്ത പങ്ക്, കൂട്ടായ്മയില്‍ കണ്ണിചേര്‍ന്നുകൊണ്ട് വഹിക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യവുമുണ്ട്.

പ്രവര്‍ത്തന ബാഹുല്യം എന്ന് ഞങ്ങള്‍ എസ്.എസ്.. പ്രവര്‍ത്തകര്‍തന്നെ ആവലാതി പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍, മാറിനിന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കര്‍മോത്സുകമായ ഒരു കാലത്തിന്റെ നിറഞ്ഞാട്ടമാണ് 2006 മുതല്‍ 2011 വരെയുള്ള കാലഘട്ടം കാഴ്ചവച്ചതെന്ന് തിരിച്ചറിയാനാവുന്നു.

  • എന്റെ മരം
  • മണ്ണെഴുത്ത്
  • ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ്
  • ജൈവവൈവിധ്യ വര്‍ഷാചരണം
  • എഴുത്തുകൂട്ടം
  • വായനക്കൂട്ടം
  • നൂറ്റുക്കുനൂറ്
  • ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷമൊരുക്കല്‍
  • മികവ്
  • …..............................

തുടങ്ങി മികവുറ്റ എത്രയെത്ര പ്രവര്‍ത്തനങ്ങള്‍.

കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ ആകമാനം ഇളക്കിമറിച്ചു എന്ന അവകാശവാദത്തിനൊന്നും ഈ പ്രവര്‍ത്തനങ്ങളുടെ പ്രണേതാക്കള്‍ മുതിരുമെന്ന് തോന്നുന്നില്ല. എങ്കിലും ഈ രംഗത്ത് ചെറുതല്ലാത്ത ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ടായി എന്ന് നമുക്കു അഭിമാനപൂര്‍വ്വം പറയാനാകും. മാത്രമല്ല,പഠന പ്രക്രിയയെ ഗവേഷണാത്മകമായി ഏറ്റെടുക്കുന്നതിന് കുറെയേറെ അധ്യാപകരെ പ്രചോദിതരാക്കാന്‍ കഴിഞ്ഞു എന്നതും പ്രാധാന നേട്ടംതന്നെയാണ്.

എന്നാല്‍, ഡി.പി..പി.യുടെ തുടര്‍ച്ചയായി നടപ്പിലാക്കിയ എസ്.എസ്..യെ, നല്ലൊരുപങ്ക് ജനങ്ങളും ചെറുതല്ലാത്ത വിഭാഗം അധ്യാപകരും കണക്കാക്കുന്നത് മറ്റേതൊരു പ്രെജക്ടിനെയും പോലെ സാമ്പത്തിക ക്രമക്കേടിന്റെയും ധൂര്‍ത്തിന്റെയും കേന്ദ്രമായിട്ടാണ്. അതുകൊണ്ടുതന്നെ, എസ്.എസ്.. നടപ്പിലാക്കുന്ന ഏതു പ്രവര്‍ത്തനത്തെയും ഇത്തരക്കാര്‍ നോക്കിക്കാണുന്നത് സംശയദൃഷ്ടിയോടെയും അകലം പാലിച്ചുമാണ്. നടപ്പിലാക്കിയ പരിപാടികളുടെ ഏറ്റടുക്കലിനെയും നിര്‍വഹണത്തെയും ഇത് സാരമായി ബാധിച്ചിട്ടുണ്ടെന്നു പറയാതെവയ്യ. ഇക്കൂട്ടര്‍ക്ക് നാവിളക്കാന്‍ ചില സാഹചര്യങ്ങള്‍ ബോധപൂര്‍വ്വമല്ലെങ്കിലും സൃഷ്ടിക്കപ്പെട്ടു എന്നതിനെ ഇനിയെങ്കിലും പാഠമായി ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്നാണ് 'നിലാവി'ന്റെ അഭിപ്രായം.

ഉയര്‍ന്നു വന്നിരുന്ന ചില വിമര്‍ശനങ്ങള്‍ നോക്കാം -

  • വേണ്ടത്ര ആലോചനയും കൂടിയാലോചനയും ഇല്ലാതെ പരിപാടികള്‍ നടപ്പിലാക്കുന്നു.
  • പരിപാടികള്‍ തീരുമാനിക്കുന്നത് ഏതാനും ചില വ്യക്തികള്‍ മാത്രമാണ്.
  • പരിപാടികളുടെ ബാഹുല്യം വിജയകരമായി ഇവ നടപ്പിലാക്കുന്നതില്‍ വിഘാതം സൃഷ്ടിക്കുന്നു.

ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ബഹുഭൂരിപക്ഷവും ഏറ്റുപറഞ്ഞിരുന്ന ചില വിമര്‍ശനങ്ങളാണിവ.

തീര്‍ത്തും ഉദ്ദേശ്യ ശുദ്ധിയോടെ നടപ്പിലാക്കിയ പല പരിപാടികള്‍ക്കുമെതിരെ ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നുവെങ്കില്‍, ഇതിനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് അത്തരം സാഹചര്യങ്ങളെ ബോധപൂര്‍വ്വം ഇല്ലാതാക്കാന്‍ കഴിയണമായിരുന്നു.

ഇങ്ങനെയെല്ലാമാണെങ്കിലും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്നേറ്റത്തിന് വഴിമരുന്നായ, മേല്‍സൂചിപ്പിച്ച തരത്തിലുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ എസ്.എസ്.. നടപ്പിലാക്കി എന്നത്, ആശയ തലത്തിലും പ്രക്രിയാ രൂപീകരണ വേളയിലും ഇവയ്ക്ക് നേതൃത്വം നല്കിയവര്‍ക്ക് അഭിമാനിക്കാന്‍ വകനല്കുന്നതാണ്.

അടുത്ത ലക്കത്തില്‍ : എസ്.എസ്.എ. അനുഭവങ്ങളിലൂടെ തുടര്‍ച്ച

2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

അഭിനന്ദനങ്ങള്‍...

(പ്രിയമുള്ള വായനക്കാരെ,
ഔദ്യോഗികമായ ചില അധികച്ചുമതലകള്‍ ഏറ്റെടുക്കേണ്ടിവന്നതിനാലാണ് പുതിയ വിശേഷങ്ങളുമായി നിലാവില്‍ കണ്ടുമുട്ടാന്‍ നാം വൈകുന്നത്, ക്ഷമിക്കുക. കൂടുതല്‍ വിശേഷങ്ങളുമായി വൈകാതെ സജീവമാകാം, സന്ദര്‍ശനം തുടരുക.)
പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന ഏതു നേട്ടവും അംഗീകാരവും നമുക്കോരോരുത്തര്‍ക്കും അഭിമാനിക്കുവാനുള്ളതാണ്. ആ നിലക്ക്, ഏറ്റവും മികച്ച പി.ടി.എ .ക്ക് പെരിന്തല്‍മണ്ണ ജി.എം.എല്‍.പി.എസ്.(സെന്‍ട്രല്‍)നു സംസ്ഥാന അവാര്‍ഡ് ലഭിച്ചതില്‍ നിലാവ് അഭിമാനിക്കുന്നു. ഒപ്പം ഈ വിദ്യാലയത്തെ അഭിനന്ദിക്കകൂടി ചെയ്യുന്നു.
കൂട്ടായ്മയിലൂടെ കരുത്ത് തെളിയിക്കാന്‍ കഴിഞ്ഞ ചരിത്രമാണ് ഈ വിദ്യാലയത്തിന്റെത്. ഇല്ലായ്മയുടെ ഒരു ഭൂതകാലം ഇതിനുണ്ടായിരുന്നു. പെരിന്തല്‍മണ്ണ ചന്തയോട് ചേര്‍ന്ന് പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തനം, ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കല്‍,
ദുര്‍ഗന്ധം വമിക്കുന്ന അന്തരീക്ഷം...
ഇങ്ങനെ നീളുന്നു ദുരിതങ്ങളുടെ പട്ടിക. ഇവിടെനിന്നു ഇതിനെ കൈ പിടിച്ചുയര്ത്തിയത് ജനകീയാസൂത്രണ പ്രസ്ഥാനമാണ്. ഇ.എം.എസ്. വിദ്യാഭ്യാസ കോമ്പ്ലെക്സില്‍ ഉള്‍പ്പെടുത്തി നഗരസഭ പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കി.
തുടര്‍ന്നും നഗരസഭ വിദ്യാലയ പുരോഗതിക്കായി നിരവധി ആനുകൂല്യങ്ങള്‍ നല്‍കി.
എസ്.എസ്.എ. പദ്ധതിയുടെ ഭാഗമായി ക്ലാസ് മുറികളും പ്രാഥമിക സൌകര്യങ്ങളും വിപുലപ്പെടുത്തി.
വിദ്യാലയം ഓരോ വര്‍ഷവും പുരോഗതി കൈവരിച്ചുകൊണ്ടിരുന്നു.
നഗര ഹൃദയങ്ങളിലെ വിദ്യാലയങ്ങളില്‍ അധികവും കുട്ടികള്‍ കുറഞ്ഞ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമ്പോള്‍, ഈ വിദ്യാലയത്തില്‍ അഡ്മിഷന്‍ കൂടിക്കൊണ്ടിരിക്കയാണ്. പലയിടത്തും ഇംഗ്ലീഷ് മീഡിയം സ്കൂളുകളോട് പ്രീതി കൂടിവരുമ്പോഴും പെരിന്തല്‍മണ്ണ ജി.എം.എല്‍.പി.എസ്.(സെന്‍ട്രല്‍)ല്‍ സമൂഹത്തിന്റെ നാനാ തുറകളിലും പെട്ടവരുടെ മക്കള്‍ പഠിക്കുന്നു എന്നത് മറ്റു വിദ്യാലയങ്ങള്‍ സ്വയം വിലയിരുത്തലിനു അടിസ്ഥാനമാക്കേണ്ടിയിരിക്കുന്നു.
വിദ്യാലയ പുരോഗതി സാധ്യമാക്കുന്നതിന് രണ്ടു ഘടകങ്ങള്‍ ഇവിടെ ഒന്നുചേര്‍ന്ന് പ്രവതിക്കുന്നു- ഒന്ന്) പി.ടി.എ., രണ്ട്) പ്രധാനാധ്യാപിക.
ആ അര്‍ത്ഥത്തില്‍ പി.ടി.എ. അവാര്‍ഡിന് ഇവര്‍ എന്തുകൊണ്ടും യോഗ്യരാണ്‌.
ഇരുപതോളം ആദിവാസി കുട്ടികള്‍ ഇവിടെ പഠനംനടത്തുന്നുവെന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു.
മികച്ച പി.ടി.എ.കള്‍ക്കുള്ള സംസ്ഥാന അവാര്‍ഡിന് പെരിന്തല്‍മണ്ണ ജി.എം.എല്‍.പി.എസ്.(സെന്‍ട്രല്‍)നെ പ്രാപ്തമാക്കിയ പ്രധാനാധ്യാപിക സതീദേവി, പി.ടി.എ. പ്രസിഡണ്ട്‌ മണികണ്ഠന്‍ മാസ്റര്‍, മുന്‍ പി.ടി.എ. പ്രസിഡണ്ട്‌ കെ.ആര്‍.രവി, പി.ടി.എ. അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരെ നിലാവ് അഭിനന്ദിക്കുന്നു.

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

… പിന്നെ ഇത്രയും കാലം?

നിലാവിന്റെ പതിവു രീതിയില്‍നിന്ന് വ്യത്യസ്തമായി ഒരു പോസ്റ്റിംഗ് നടത്തുകയാണ്. കമന്റുകളുടെ മൂലയില്‍ ചര്‍ച്ച ചെയ്ത് ഇതിനെ ഒതുക്കിക്കൂട, എല്ലാ വായനക്കാരും കാണണം, പ്രതികരിക്കണം എന്ന ആഗ്രഹത്തോടെ. നിലാവിലേക്കു വന്ന ഒരു കമന്റും അതിനോടുള്ള നിലാവിന്റെ പ്രതികരണവും പ്രസിദ്ധീകരിക്കുന്നു. ഇതു വായിക്കണം, പ്രതികരണം എന്തായാലും അറിയിക്കണം.

'dreaming gay' എഴുതുന്നു-

ipravasythe hindi onapareekshayude paperine kuriche enthanabiprayam?teachers parayunnu avarke nalkiyittulla hand book ane follow cheyyunnadh enne.athil koduthirikkunna narration ilude kadannu pokunna oru kutty eppozhane ezhuthanavasyamaya script swayathamakkunnath?script ariyatha oru kuttiye engane writing skill evaluate cheyyum?avan engane vayikkum?kavithayum,kathayum poorthiyakkunnathilude enthane udhesikkunnath?enthane hindi bashapadanam kondu udhesikkunnath?nerathe paranja narration adisthanamakki inganeyokke kochu kuttikalode perumarunnath cruel ane sir!!!!avante oral sheshikal evaluate cheyyunna quetions onnum kandillalo sir?enthane sir ee graphic reading? narration il graphic readinginte avasarathil board il ezhuthiya KACHHUAA polulla vakkukal chodhikkamayirunnille?


നിലാവിന്റെ പ്രതികരണം -

പ്രിയപ്പെട്ട 'dreaming gay',

ഞാന്‍ മറുപടി പറയേണ്ടത് ആര്‍ക്കാണ്. ആരോടാണ് ഞാന്‍ സംസാരിക്കുന്നത് എന്നറിയാന്‍ ഒരു വഴിയും താങ്കളുടെ പോസ്റ്റിലില്ല. പ്രൊഫൈല്‍ പരതി. അവിടെയും തിരിച്ചറിയാനുള്ള ഘടകമൊന്നും കണ്ടില്ല. തുടര്‍ന്ന്, ആരെന്നു വ്യക്തമാക്കാതെ, ഉന്നയിക്കപ്പെടുന്ന വിഷയം എത്ര പ്രസക്തമായാലും 'നിലാവ്' പ്രതികരിക്കുന്നതല്ല. മാത്രമല്ല, അത്തരം കമന്റുകള്‍ നീക്കുകയും ചെയ്യും.

താങ്കള്‍ ഒരു രക്ഷിതാവാണെങ്കില്‍ ഇവിടെ ഉന്നയിച്ച സംശയങ്ങള്‍ സ്വാഭാവികമാണ്. എങ്കിലും പാഠ്യപദ്ധതി നിലവില്‍ വന്ന് ഇത്രയും കാലമായിട്ടും ഇത്തരം സംശയങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബന്ധപ്പെട്ട വിദ്യാലയം അവസരമൊരുക്കിയില്ലേ, എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.

ഇനി, താങ്കള്‍ ഒരു അധ്യാപകനാണെങ്കില്‍--, ഇത്രയും കാലം പരിശീലനങ്ങളില്‍ പങ്കെടുത്തിട്ടില്ലെ? ക്ലാസ്സ റൂമില്‍ നേരിടുന്ന ചില പ്രയാസങ്ങളാണെങ്കില്‍ ശരി. പരിഹാരം കണ്ടത്തണം. അല്ലാതെ,

  • ആഖ്യാനത്തെ ഒരു പെഡഗോജിക് ടൂളായി പ്രയോജനപ്പെടുത്തുമ്പോള്‍ ഭാഷാശേഷികളുടെ വികാസം എങ്ങനെ സാധ്യമാകുന്നു?

  • ഗ്രാഫിക് റീഡിംഗിലൂടെയും റൈറ്റിംഗിലൂടെയും എങ്ങനെ ഒരുകുട്ടിയെ എഴുത്തിലേക്കും വായനയിലേക്കും നയിക്കാം?

തുടങ്ങിയ സംശയങ്ങള്‍ ഇപ്പോഴും ഒരധ്യാപകനെ അലട്ടുന്നുവെങ്കില്‍ അവിടെ നടന്ന പരിശീലനത്തിന്റെ വിശ്വാസ്യതയാണ് ചോദ്യം ചയ്യപ്പെടുന്നത്. ഇത് വായിക്കുന്ന പരിശീലകസുഹൃത്തുക്കള്‍ ആത്മ പരിശോധനക്ക് തയ്യറാകണം. അല്ല, ഇതുള്‍ക്കൊള്ളാനുള്ള അധ്യാപകന്റെ വൈമനസ്യമാണ് പ്രശ്നമെങ്കില്‍ സ്വന്തം കര്‍ത്തവ്യത്തോട് എത്രമാത്രം നീതി പുലര്‍ത്തുന്നുണ്ട് ഇദ്ദേഹമെന്നത് സ്വയം വിലയിരുത്തണം, സമൂഹവും വിലയിരുത്തണം. പ്രശ്നം ഏതുതന്നെയായാലും തികഞ്ഞ അപരാധമാണെന്നു പറയാതെവയ്യ.

ഓണപ്പരീക്ഷയുടെ, 5ലെ ഹിന്ദി ചോദ്യപേപ്പര്‍ സംബന്ധിച്ച്, (ഞാന്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ പങ്കാളിയായിരുന്നില്ല.) ചോദ്യങ്ങള്‍ അപ്പാടെ സമീപന വിരുദ്ധമായിരുന്നു എന്ന് 'നിലാവി'ന് അഭിപ്രായമില്ല. പക്ഷെ, രണ്ടു മാസം മാത്രം ഹിന്ദി ഭാഷാനുഭവം ലഭിച്ച കുട്ടിക്ക് മൗഖിക പരീക്ഷക്ക് പ്രാമുഖ്യം നല്കലായിരുന്നു ഉചിതം.