2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ചരിത്രാന്വേഷണം : പെരുവള്ളൂര്‍ പെരുമയിലേക്ക്

ചരിത്രത്തെ പുസ്തകത്താളുകളില്‍നിന്ന് വായിച്ചറിയുന്നതിനപ്പുറം കണ്ടും തൊട്ടും അറിയാന്‍ നിരവധി അവസരങ്ങള്‍ ഒരുക്കാനാകും. പിന്നിടുന്ന ഓരോ നിമിഷത്തിലും ചരിത്രമുണ്ട്. ഇവയില്‍നിന്ന് ചരിത്രത്തെ തിരിച്ചറിഞ്ഞ് കണ്ടെടുക്കുക എന്നതാണ് ചരിത്രാന്വേഷണം. ആ അര്‍ഥത്തില്‍ വിദ്യാലയത്തില്‍ ഏറെ സാധ്യതയുള്ളതും കൗതുകമുണര്‍ത്തുന്നതുമായ ചരിത്രാന്വേഷണ പ്രവര്‍ത്തനമാണ് മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ ജി.എച്ച്.എസ്.എസ്. തുടങ്ങിവച്ചിരിക്കുന്നത്. സമാനമായ പ്രവര്‍ത്തനം മറ്റൊരു വിദ്യാലയം നടത്തിയത് 'നിലാവ്' നേരത്തേ പങ്കുവച്ചിരുന്നു‍.

ലാബ് ശാക്തീകരണത്തിന്‍ എരവിമംഗലം മാതൃക...

എന്ന പേരില്‍(2011 ജൂണ്‍ 21 ചൊവ്വ)

പെരുവള്ളൂരിന്റെ അനുഭവം,
ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത ഇവിടെ പ്രസിദ്ധീകരിക്കുന്നു. മറ്റുവിദ്യാലയങ്ങള്‍ക്ക് ഇത് മാതൃകയാക്കനാകുമെന്ന പ്രതീക്ഷയോടെ...


പഴമയുടെ ജാലകം തുറന്നു; കുട്ടിക്കണ്ണില്‍ കൗതുകം


തിരൂരങ്ങാടി : കാണുന്നതൊക്കെയും പഴമയുടെ നേര്‍ചിത്രങ്ങള്‍ . അടുത്തറിയുമ്പോള്‍ തെളിയുന്നത് വിസ്മൃതിയിലാണ്ട ചരിത്രം. തങ്ങളുടെ മുന്നിലുള്ളത് നൂറ്റാണ്ടുകളുടെ ശേഷിപ്പുകളാണെന്നറിഞ്ഞപ്പോള്‍ അവരുടെ കണ്ണുകളില്‍ ആശ്ചര്യത്തിളക്കം. 200 വര്‍ഷം പഴക്കമുള്ള ജാതകം മുതല്‍ 1892-ല്‍ പോസ്റ്റല്‍ വകുപ്പിന്റെ സീല്‍പതിച്ച കത്തുവരെയുള്ള രേഖകള്‍ , മെതിയടി മുതല്‍ ഉറിവരെയുള്ള വീട്ടുപകരണങ്ങള്‍ , വെള്ളിക്കോല്‍ മുതലുള്ള അളവുതൂക്ക ഉപകരണങ്ങള്‍ , വെള്ളമെടുക്കുന്ന ഏത്തക്കൊട്ട മുതല്‍ നിലമുഴുന്ന കലപ്പവരെയുള്ള കാര്‍ഷിക ഉപകരണങ്ങള്‍ ... പെരുവള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരുക്കിയ പുരാവസ്തു-ചരിത്ര രേഖാപ്രദര്‍ശനം പുതുതലമുറക്ക് നൂറ്റാണ്ടുകളുടെ ചരിത്രമാണ് പകര്‍ന്നത്. ഹെറിറ്റേജ് ക്ലബ്ബുകളുടെ രേഖാ സര്‍വെയുടെയും സ്വകാര്യരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായായിരുന്നു പുരാവസ്തു-രേഖാ പ്രദര്‍ശനം. പരുവള്ളൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് പുറമെ ചേറൂര്‍ യത്തീംഖാന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ , കേരളാ പുരാവസ്തു വകുപ്പ്, പുരാരേഖാ വകുപ്പ് എന്നിവയുടെ സ്റ്റാളുകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. പഠനത്തിരക്കിനിടെ ലഭിച്ച ഒഴിവുസമയം പ്രയോജനപ്പെടുത്തിയാണ് വിദ്യാര്‍ഥികള്‍ പുരാവസ്തുക്കളും ചരിത്രരേഖകളും കണ്ടെത്തിയത്. ഹെറിറ്റേജ് ക്ലബ്ബുകളുടെ മേല്‍നോട്ടത്തില്‍ ചരിത്ര പൈതൃക സംരക്ഷണത്തിന് പുരാരേഖ വകുപ്പാണ് അവസരമൊരുക്കിയത്. ഇതിന്റെ ഭാഗമായി പുരാരേഖാ സംരക്ഷണ ക്ലിനിക്കും ഒരുക്കിയിരുന്നു. ശാസ്ത്രീയരീതിയില്‍ രേഖകള്‍ സംരക്ഷിക്കുന്നതെങ്ങിനെയെന്ന് ഇവിടെ വിവരിച്ചു. 100 വര്‍ഷത്തിലേറെ ഇത്തരത്തില്‍ കേടുവരാതെ സംരക്ഷിക്കാനാവുമെന്ന് പുരാരേഖാ ഡയറക്ടര്‍ ജെ റെജികുമാര്‍ പറഞ്ഞു. വിവിധ വിദ്യാലയങ്ങളില്‍നിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികളും പൊതുജനങ്ങളും പ്രദര്‍ശനം കാണാനെത്തി.

അഭിപ്രായങ്ങളൊന്നുമില്ല: