2011, ജൂൺ 30, വ്യാഴാഴ്‌ച

ഒത്തുപിടിച്ചാല്‍...

'ലൈബ്രറി ശാക്തീകരണത്തിന് എന്തു ചെയ്യും?
ആവശ്യത്തിന് പുസ്തകങ്ങളില്ല.
എസ്.എസ്.എ. നല്കുന്ന ഫണ്ടല്ലാതെ പുസ്തകസ്വരൂപണത്തിന് മറ്റു മാര്‍ഗങ്ങളൊന്നുമില്ല.
അതിനുതന്നെ പരിമിതികള്‍ ഏറെയാണ്.
കുട്ടികള്‍ക്കിഷ്ടപ്പെട്ട, ഇഷ്ടപ്പെടുന്ന പുസ്തകങ്ങള്‍ തുലോം കുറവ്!'
ഇങ്ങനെ നീളുന്നു പരാതികളുടെ പട്ടിക.
വിദ്യാലയങ്ങളുടെ ഈ പരാതികള്‍ കുറച്ചൊക്കെ ന്യായമാണെന്ന് നമുക്കും തോന്നിപ്പോകും.
എന്നാല്‍ ഈ പരിമിതികളെ ക്രിയാത്മകവും ആസൂത്രിതവുമായ പ്രവര്‍ത്തനത്തിലൂടെ ഒരു വിദ്യാലയം മറികടക്കുന്നതിന്റെ അനുഭവ പാഠമാണ് ഈ ലക്കം 'നിലാവ് ' പങ്കുവയ്ക്കുന്നത്.

എരവിമംഗലം എ.എം.യു.പി.എസ്. ഒരുക്കുന്ന പുസ്തകപ്പൂമഴ എന്ന പരിപാടി ഒരു ഒറ്റമൂലിയാണ്.
പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയുമാണ് ഇവിടെ നടക്കുന്നത്. ഇത് ലൈബ്രറി ശാക്തീകരണത്തിന് എങ്ങനെ പ്രയോജനപ്പെടുന്നുവെന്നല്ലെ, പറയാം.
കുട്ടികള്‍ വിലക്കുവാങ്ങുന്ന പുസ്തകങ്ങള്‍ അവര്‍ വായിക്കുന്നു.
തുടര്‍ന്ന് വായനാകുറിപ്പ്/ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നു.
പിന്നെ പുസ്തകം സ്കൂള്‍ ലൈബ്രറിയിലേക്കുള്ളതാണ്. കുട്ടി സന്തോഷപൂര്‍വ്വം ഇത് സംഭാവന ചെയ്യുന്നു.
ഇതുവഴി ലൈബ്രറി സമ്പന്നമാകുന്നു എന്നു മാത്രമല്ല, കുട്ടികള്‍ ഇഷ്ടപ്രകാരം തെരഞ്ഞെടുത്തതായതിനാല്‍ അവരുടെ അഭിരുചിക്കിണങ്ങുന്ന പുസ്തകങ്ങളാവുകയും ചെയ്യും.

കൃത്യമായി പ്രോസസ് ചെയ്താണ് ഈ പരിപാടി സംഘടിപ്പിച്ചത്-
കുട്ടികള്‍ സ്വയം രക്ഷിതാക്കള്‍ക്ക് കത്ത് തയ്യാറാക്കി. ഈ കത്തില്‍ പുസ്തക പ്രദര്‍ശനത്തെക്കുറിച്ചും അതിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളെ കുറിച്ചും സൂചിപ്പിച്ചിരുന്നു.
പുസ്തകശാലകളെ സമീപിച്ച് ആവശ്യം അറിയിച്ചു. പുസ്തകശാലക്കാര്‍ നിറഞ്ഞ മനസ്സോടെ സന്നദ്ധരായി എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു.
ലൈബ്രറി ശാക്തീകരണ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പച്ചു.
പി.ടി.എ. ജനറല്‍ ബോഡിയില്‍ വിഷയം അവതരിപ്പിച്ചു.
മൂന്നു ദിവസംകൊണ്ട് 75% പുസ്തകങ്ങളുടെ വില്പന നടന്നു എന്നത് ഈ സംരംഭത്തിന്റെ സ്വീകാര്യതക്ക് തെളിവാണ്.

ഇരുട്ടിനെ പഴിച്ചുകൊണ്ടിക്കാതെ ഒരു തിരിതെളിക്കാനായി ഈ വിദ്യാലയം കാണിച്ച സന്നദ്ധതയെ 'നിലാവ് ' അഭിനന്ദിക്കുന്നു

2011, ജൂൺ 24, വെള്ളിയാഴ്‌ച

കൊടും കാട്ടിലെ അധ്യാപനത്തിന് കൂലി 1000; ചെലവ് 1260

എടക്കര: ഒറ്റക്കൊമ്പന്റെ ചിന്നംവിളികേട്ട് കാട്ടുപാതയിലൂടെ നടക്കുമ്പോള്‍ വത്സമ്മയ്ക്ക് തളര്‍ച്ചയോ പേടിയോ തോന്നാറില്ല. തന്നെ കാത്തിരിക്കുന്ന കാടിന്റെ മക്കള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് അവരിലൊരാളാവുമ്പോള്‍ ഈ ടീച്ചര്‍ അവരുടെ സ്നേഹത്തില്‍ എല്ലാം മറക്കുന്നു. എന്നാല്‍ , ഈ സാഹസത്തിന് കൂലിയായി ആയിരം രൂപ "മാസശമ്പളം" ഏറ്റുവാങ്ങാന്‍ ഒപ്പിടുമ്പോള്‍ ഇവര്‍ തളരും. കാരണം യാത്രക്കുമാത്രം മാസം ചെലവാകുന്നത് 1260 രൂപയാണ്. കരുളായി സ്വദേശിനിയായ വത്സമ്മയാണ് ദിവസവും 42 രൂപ യാത്രയ്ക്ക് ചെലവിട്ട് തണ്ടംകല്ല് ട്രൈബല്‍ കോളനിയിലെ ബാലവിജ്ഞാന കേന്ദ്രത്തില്‍ 33 രൂപ ദിവസവേതനത്തിന് ജോലിചെയ്യുന്നത്. 1988 മുതല്‍ കരുളായി ഉള്‍വനത്തിലെ മാഞ്ചീരി ബാലവിജ്ഞാന കേന്ദ്രത്തില്‍ അധ്യാപികയായിരുന്ന വത്സമ്മയെ 2005ലാണ് തണ്ടംകല്ല് കോളനിയിലേക്ക് മാറ്റിയത്. മൂന്ന് ബസ് മാറി കയറി മുപ്പത് കിലോമീറ്റര്‍ സഞ്ചരിച്ച് മൂന്ന് കിലോമീറ്റര്‍ കാട്ടിലൂടെ നടന്നാണ് വത്സമ്മ പഠനകേന്ദ്രത്തിലെത്തുന്നത്. പകല്‍സമയത്തുപോലും കാട്ടാന ഭീതി പരത്തുന്ന കോളനിയാണിത്. ജീവന്‍ പണയപ്പെടുത്തി ജോലിക്കെത്തുന്നവര്‍ക്ക് മാസംതോറും ഐടിഡിപി 500 രൂപ റിസ്ക് ഫണ്ട് നല്‍കാറുണ്ടെങ്കിലും ഇവര്‍ക്ക് ഈ ആനുകൂല്യവും അധികൃതര്‍ നിഷേധിച്ചു. തുടക്കത്തില്‍ 300 രൂപയായിരുന്നു വേതനം.
കടപ്പാട് :

കാകദൃഷ്ടി : ശമ്പള പരിഷ്കരണ ഉത്തരവിറങ്ങിയപ്പോള്‍ നമ്മള്‍ താരതമ്യത്തിന്‍റെ സൂക്ഷ്മ ദര്‍ശിനിയിലൂടെ തിരിച്ചും മറിച്ചും നോക്കി കണ്ടെത്തി- അവര്‍ക്ക് നമ്മെക്കാള്‍ ഒത്തിരി കൂടുതലാ, ഇവര്‍ക്ക് നമ്മെക്കാള്‍ ഇത്തിരിയല്ലെ കുറഞ്ഞുള്ളു. പക്ഷെ ടീച്ചറേ, നമ്മക്ക് അഭിമാനിക്കാം, വത്സമ്മക്ക് നമ്മടെ ഒരു ദിവസത്തെ ശമ്പളമേ ഒരുമാസം കിട്ടുന്നുള്ളു!!!2011, ജൂൺ 21, ചൊവ്വാഴ്ച

ലാബ് ശാക്തീകരണത്തിന്‍ എരവിമംഗലം മാതൃക...എ.എം.യു.പി.എസ്. എരവിമംഗലം.
ഈ വിദ്യാലയത്തിലെ ലബോറട്ടറി ഏറക്കുറെ സുസജ്ജമാണ്. ലബോറട്ടറി സാമഗ്രികള്‍ സജ്ജീകരിച്ച റാക്കുകള്‍, രാസവസ്തുക്കള്‍, കുട്ടികള്‍തന്നെ തയ്യാറാക്കിയ ശാസ്ത്രോപകരണങ്ങള്‍, ഫോര്‍മാലിനില്‍ സൂക്ഷിച്ച വിവിധ ജീവികള്‍, കുട്ടികള്‍ക്ക് പരീക്ഷണങ്ങള്‍ ചെയ്യുന്നതിനുള്ള ടേബിള്‍...

ഇതിനെല്ലാം പുറമെ കൗതുകമുണര്‍ത്തുന്ന ഒരു ചെറു മ്യൂസിയവും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. നമുക്കു കൈമോശം വന്നുകൊണ്ടിരിക്കുന്ന നാട്ടറിവുകളെയും സംസ്കൃതിയെയും കുട്ടികള്‍ക്ക് അനുഭവവേദ്യമാക്കുന്നതിന് ഇത് ഏറെ സഹായകമാണ്.
പാമ്പിന്‍വള(പടം)
വല്ലം
പറ
നാരായം
നാഴി
കരി(കലപ്പ)
മുടിങ്കോല്‍ (പണ്ട് കാലികളെ തെളിച്ചിരുന്ന വടി)
കടകോല്‍
…...........

ലാബും മ്യൂസിയവും പരിചയപ്പെടുത്തുമ്പോള്‍ ശാസ്ത്രാധ്യാപിക ഇന്ദിര ടീച്ചറുടെ മുഖത്ത് സന്തോഷവും ആവേശവും പ്രകടം. ശാസ്ത്രാധ്യാപകരുടെയും സാമൂഹ്യശാസ്ത്രാധ്യാപകരുടെയും ശക്തമായ കൂട്ടായ്മയും വിദ്യാര്‍ഥികളുടെയും മാനേജ്മെന്റിന്റെയും സഹകരണവവും കൂടിയായപ്പോള്‍ ഈ ഉദ്ദ്യമം ഫലപ്രാപ്തിയിലെത്തുകയായിരുന്നു. ഡയറ്റിന്റെ നിര്‍ദ്ദശങ്ങളും ലാബ് സജ്ജീകരിക്കന്നതിന് ഏറെ സഹായകമായി എന്ന് സംതൃപ്തിയോടെയാണ് ഇന്ദിര ടീച്ചര്‍ പറഞ്ഞത്.
ലാബിന്റെ വിനിയോഗം കുറക്കൂടി ശക്തമാക്കുന്നതിന് ഫലപ്രദമായ ആസൂത്രണം വിദ്യാലയം നടത്തേണ്ടതുണ്ട്. പരിമിതികള്‍ കുറച്ചൊക്കെയുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഈ വിദ്യാലയത്തിന്റെ മാതൃക അനുകണീയമാണ്, അഭിനന്ദനാര്‍ഹമാണ്.

2011, ജൂൺ 19, ഞായറാഴ്‌ച

'ചൂണ്ടുവിരലി'ന് ആശംസകള്‍


കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന് കൃത്യമായ വഴി കാണിക്കുവാന്‍ ചൂണ്ടുവിരലിനായിട്ടുണ്ട്. സാമൂഹ്യമാറ്റത്തിനുള്ള ശക്തമായ ഒരായുധമായി ബ്ലോഗിനെ പ്രയോജനപ്പെടുത്തുന്നതിന് ചൂണ്ടുവിരലിലപ്പുറം മറ്റൊരുദാഹരണം ആവശ്യമില്ല. 2010 ജൂലൈ മുതലുള്ള ചൂണ്ടുവിരലിന്റെ യാത്രയില്‍ ഒപ്പം സഞ്ചരിച്ചവര്‍ നിരവധിയാണ്. ഇടക്കാലത്ത് ഈ യാത്രയില്‍ കൂടെ കൂടിയ ആളാണു ഞാന്‍. വിമര്‍ശനങ്ങളുന്നയിക്കുമ്പോഴും നിലപാടുകളെ കൃത്യതപ്പെടുത്തി സഹിഷ്ണുതയോടെ മറുപടി പറയാന്‍ ചൂണ്ടുവിരലിനായിരുന്നു. ഇത്തരത്തില്‍ സ്വന്തമായ നിലപാടുകള്‍‍ ഉണ്ട് എന്നതുകൊണ്ടാണ് ഈ രംഗത്ത് നിലയുറപ്പിക്കുവാനും മുന്നേറുവാനും ഈ ബ്ലോഗിനാകുന്നത്. കലാധരന്‍മാസ്റ്ററെപ്പോലെ ഏറെ തിരക്കുകളുള്ള ഒരാള്‍ക്ക് തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ബ്ലോഗെഴുത്ത് ഒരു ചര്യയാക്കാന്‍ കഴിയുന്നു എന്നത് പലപ്പോഴും അദ്ഭുതമുളവാക്കിയിട്ടുണ്ട്. പൊതുവിദ്യാസത്തിന്റെ ചൂടും ചൂരും, മധുരവും ഉള്ളുതൊട്ടറിഞ്ഞ ഒരാള്‍ക്കേ ഇത്തരത്തിലൊരു സംരംഭത്തെ തിരികെടാതെ നയിക്കാനാകൂ. ഈ 'നിലാവു' തെളിയുന്നതിനുപോലും പ്രചോദനം ചൂണ്ടുവിരലാണ്. ചൂണ്ടുവിരലിനും കലാധരന്‍മാസ്റ്റര്‍ക്കും അഭിനന്ദനങ്ങള്‍, ആശംസകള്‍...

2011, ജൂൺ 18, ശനിയാഴ്‌ച

ഇത് നമുക്കും തെളിച്ചമേകട്ടേ...

വായനയുടെ വര്‍ണലോകമൊരുക്കി തവനൂര്‍ സ്‌കൂളിലെ പുസ്തകപ്പുര
Posted on: 19 Jun 2011

എടപ്പാള്‍: സ്‌കൂള്‍ ലൈബ്രറി കാണുമ്പോള്‍ നിങ്ങള്‍ പുറംതിരിഞ്ഞ് നടക്കാറുണ്ടോ? അതിനുള്ളിലെ അന്തരീക്ഷം നിങ്ങളുടെ മനം മടുപ്പിക്കുന്നുണ്ടോ? എങ്കില്‍ തവനൂര്‍ കെ.എം.ജി.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുസ്തകപ്പുരയിലേക്ക് വരിക. ഒരു പുതിയ പുസ്തകലോകം നിങ്ങളെ കാത്തിരിക്കുന്നു. ചിതലരിച്ച പുസ്തകങ്ങളോ, മനം മടുപ്പിപ്പിക്കുന്ന മണമോ, ഇരുണ്ടുമുഷിഞ്ഞ ചുവരുകളോ ഇല്ലാത്ത ഒരു ലോകം. വര്‍ണ്ണക്കൂട്ടുകളുടെ ചിത്രപ്പണികളുടെ കവിതാശകലങ്ങളുടെ ഒരു ലോകം.

തവനൂര്‍ കേളപ്പജി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷവേളയിലാണ് പുതുമയുള്ള ഈ പുസ്തകപ്പുരയൊരുക്കിയത്.

തിരക്കേറിയ ഈ കാലത്ത് കുട്ടികള്‍ പുസ്തകശാലയിലേക്ക് കയറണമെങ്കില്‍ അതിന്റെ കെട്ടും മട്ടുമൊക്കെ മാറണം. അതിനാണ് വ്യത്യസ്തമായ ഈ പുസ്തകപ്പുര. ഇതിന് ചുക്കാന്‍ പിടിച്ച, സ്‌കൂളിലെ ചിത്രകലാധ്യാപകനായ ഗോപു പട്ടിത്തറയും അധ്യാപകന്‍ പി.വി. സേതുമാധവനും പറയുന്നു.

പുസ്തകപ്പുരയുടെ പ്രവേശനകവാടംതന്നെ വര്‍ണ്ണമനോഹരമായ ചിത്രങ്ങളാലലംകൃതമായ ഒരു മ്യൂസിയം പോലെയാണ്. അകത്തുകടന്നാല്‍ ചുമരിലും അലമാരകളുടെ ചുറ്റിലുമെല്ലാം കുട്ടികളെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, കൂടെ വായനയുടെ മഹത്വം വിളിച്ചോതുന്ന കവിതകള്‍, ഉദ്ധരണികള്‍ എന്നിവയും.

''വാക്കെന്റെ അമ്മയുമച്ഛനുമാകുന്നു. വാക്കിന്‍ വിരല്‍ തൂങ്ങിയല്ലോ നടക്കുന്നു...'' എന്ന മധുസൂദനന്‍ നായരുടെ കവിതയ്‌ക്കൊപ്പം വി.ടിയുടെ പ്രശസ്തമായ വാക്കുകളും പുസ്തകപ്പുരയെ അലങ്കരിക്കുന്നു.

ഒരിക്കല്‍ കയറിയാല്‍ വായനയ്ക്കുവേണ്ടിയല്ലെങ്കില്‍പ്പോലും വീണ്ടുംവീണ്ടും കുട്ടികളെ ഈ പുര മാടി വിളിക്കുന്നു. പുസ്തകപ്പുര വായനാദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച 2.30ന് ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം.എഫ്. ഹുസൈന്റെ ചിത്രങ്ങളുടെ പ്രദര്‍ശനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും എ.ഇ.ഒ.യും സന്ദൂര്‍ കലാകാരനുമായ എന്‍. ഹരിദാസ് നിര്‍വഹിക്കും.

പ്രതികരിക്കുക

യുപി സ്കൂള്‍ അപ്ഗ്രേഡ്ചെയ്യുന്നത് അട്ടിമറിച്ചു
Posted on: 17-Jun-2011 01:15 AM
വണ്ടൂര്‍ : എട്ട് പതിറ്റാണ്ടായി അഞ്ചച്ചവടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. യുപി സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തുന്നത് കാത്തിരുന്നവരുടെ സ്വപ്നം വെറുതെയായി. ഹൈസ്കൂളായി ഉയര്‍ത്തുന്നതിന് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇതിനെതിരെ സ്വാശ്രയ വിദ്യാഭ്യാസലോബികള്‍ രംഗത്തുണ്ടായിരുന്നു. 48 ലക്ഷം രൂപയാണ് സ്കൂള്‍ അപ്ഗ്രേഡ്ചെയ്യാന്‍ നീക്കിവച്ചത്. ഈ അധ്യയന വര്‍ഷത്തില്‍തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ പി മുഹമ്മദ് ഹനീഷ് ഉറപ്പുനല്‍കുകയുംചെയ്തിരുന്നു. ഇതനുസരിച്ച് സ്കൂള്‍ അധികൃതര്‍ നടപടികളുമായി മുന്നോട്ടുപോകുകയും നാട്ടുകാര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയുംചെയ്യുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട് എഇഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ കാണാനില്ലെന്നറിയുന്നത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് സ്കൂളിനെതിരെയുള്ള ലോബിയാണെന്ന് വ്യക്തമാണ്. വിവരങ്ങള്‍ അറിയാന്‍ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലെത്തിയ സ്കൂള്‍ അധികൃതരോട് വിഷയം പഠിക്കട്ടെ എന്നും ഈ സ്കൂളിനെതിരെ ഒരു സ്വകാര്യ സ്കൂളിന്റെ സ്റ്റേ ഓര്‍ഡര്‍ നിലവിലുണ്ടെന്നുമായിരുന്നു മറുപടി. വണ്ടൂര്‍ ഉപജില്ലയിലെ യുപി സ്കൂളുകള്‍ ഹൈസ്കൂളായി ഉയര്‍ത്തുന്നതിന് എഇഒ ഓഫീസില്‍നിന്നും സമര്‍പ്പിച്ച രേഖകളാണ് കാണാതായിരിക്കുന്നത്. മേയ് 12നുതന്നെ രേഖകള്‍ തപാല്‍മാര്‍ഗവും ഇ-മെയിലിലൂടെയും അയച്ചിട്ടുണ്ട്. ഈ സ്കൂളിന് സമീപത്തുള്ള അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ അടച്ചുപൂട്ടിയിരുന്നു. ഇതിലെ വിദ്യാര്‍ഥികള്‍ ലീഗ് ജില്ലാ നേതാവിന്റെ സ്കൂളിലാണ് ഇപ്പോള്‍ പഠിക്കുന്നത്. വിദ്യാര്‍ഥികളെ ഇവിടേക്ക് കൊണ്ടുപോകുന്നതിന് സ്പെഷ്യല്‍ ബസും ഏര്‍പ്പെടുത്തി.