2011, ജൂലൈ 9, ശനിയാഴ്‌ച

മാ നിഷാദാ..

കടപ്പാട് :

പാഠ്യപദ്ധതി മാറി, സമീപനം മാറി.. ചില വിദ്യാലയങ്ങളിലെങ്കിലും ഇന്നും ക്രൂരമായ ശിക്ഷാ നടപടികള്‍ തുടര്‍ന്നുവരുന്നു. അതിരു കവിയുന്ന ഇത്തരം ശിക്ഷാ നടപടികള്‍ ചിലപ്പോഴെങ്കിലും പത്രവാര്‍ത്തകള്‍ക്ക് വിഷയമാവുകയും ചെയ്യുന്നു. മാറിയ പാഠ്യപദ്ധതിയും സമീപനവും ചെലുത്തിയ സ്വാധീനം കൊണ്ടുമാത്രം ഇത്തരം ശിക്ഷാ രീതികളുടെ നിരര്‍ഥകത ബോധ്യപ്പെട്ട ഒരാള്‍ എന്ന നിലക്ക്, 'നിലാവി'ന്റെ ഈ ലക്കത്തില്‍ ഞാന്‍ പങ്കുവയ്ക്കുന്നത് അഡ്വ. കെ ആര്‍ ദീപയുടെ ലേഖനമാണ്.കുട്ടികളെ തല്ലിയാലെ നന്നാകൂ എന്നത് പഴയ ചിന്തയാണ്. എന്നാല്‍ ചില അധ്യാപകരെങ്കിലും കുട്ടികളെ മര്‍ദിച്ച് പാഠംപഠിപ്പിക്കല്‍ തുടരുകയാണ്. കഴിഞ്ഞയാഴ്ച കേരളത്തില്‍ത്തന്നെ ഇത്തരത്തിലുള്ള ഒന്നിലേറെ സംഭവം പുറത്തുവന്നു. കുട്ടികളെ ശിക്ഷിക്കാന്‍ അധ്യാപകര്‍ക്ക് അവകാശമില്ലേ എന്ന ചോദ്യമാണ് ന്യായീകരണമായി ഉയരുന്നത്. ശാരീരികമായ പീഡനത്തിലൂടെയുള്ള ശിക്ഷ (Corporal Punishment) ധാര്‍മികമായും നിയമപരമായും തെറ്റുതന്നെയാണ്. അത് അധ്യാപകന്‍ ചെയ്താലും രക്ഷാകര്‍ത്താക്കള്‍ ചെയ്താലും നിയമപരമായി കുറ്റമാണ്. സ്കൂളുകളിലെ പീഡനം തടയാന്‍ കേന്ദ്ര വനിത-ശിശുക്ഷേമവകുപ്പ് വിശദമായ മാര്‍ഗരേഖ തയ്യാറാക്കി സ്കൂളുകളില്‍ നല്‍കിയിട്ടുണ്ട്. സ്കൂളുകളില്‍ പതിവുള്ള ശിക്ഷാരീതികളെല്ലാം ഈ മാര്‍ഗരേഖയില്‍ പട്ടികയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാരീരിക പീഡനത്തിനു പുറമെ വൈകാരികമായി പീഡിപ്പിക്കുന്ന ശിക്ഷാരീതികളും പട്ടികയിലുണ്ട്. കുട്ടികളെ നന്നാക്കാനെന്ന രീതിയില്‍ നടപ്പാക്കുന്ന മറ്റു രീതികളും വിവരിക്കുന്നു. ഇവയെല്ലാം പാടില്ലാത്തവയാണെന്ന് മുന്നറിയിപ്പും നല്‍കുന്നു. പന്ത്രണ്ടിനം ശാരീരിക ശിക്ഷകള്‍ പട്ടികയിലുണ്ട്.

 • 1. സാങ്കല്‍പ്പിക കസേരയില്‍ ഇരുത്തുക,

 • 2. സ്കൂള്‍ബാഗ് തലയില്‍ ചുമന്നുനില്‍ക്കാന്‍ നിര്‍ബന്ധിക്കുക,

 • 3. ദിവസം മുഴുവന്‍ വെയിലത്തു നിര്‍ത്തുക,

 • 4. മുട്ടിലിഴഞ്ഞ് ജോലികള്‍ ചെയ്യിക്കുക,

 • 5. ബെഞ്ചില്‍ കയറ്റിനിര്‍ത്തുക,

 • 6. കൈകള്‍ പൊക്കി നിര്‍ത്തുക,

 • 7. പെന്‍സില്‍ കടിച്ചുപിടിച്ചു നിര്‍ത്തുക,

 • 8. കാലിനടിയിലൂടെ കൈകള്‍ കടത്തി ചെവിയില്‍ പിടിപ്പിക്കുക,

 • 9. കൈകള്‍ കെട്ടിയിടുക,

 • 10. തുടര്‍ച്ചയായി ഇരുത്തുകയും എഴുന്നേല്‍പ്പിക്കുകയും ചെയ്യുക,

 • 11. നുള്ളുകയും ചൂരലിനു തല്ലുകയും ചെയ്യുക,

 • 12. ചെവിപിടിച്ചു തിരിക്കുക.

  വൈകാരിക ശിക്ഷകളുടെ പട്ടികയില്‍ എട്ടിനങ്ങളുണ്ട്. അവയിങ്ങനെ:-

 • 1. എതിര്‍ലിംഗത്തില്‍പ്പെട്ട കുട്ടിയെക്കൊണ്ട് തല്ലിക്കുക,

 • 2. ചീത്തപറയുക, അധിക്ഷേപിക്കുക, അപമാനിക്കുക,

 • 3. ചെയ്ത തെറ്റ് എഴുതിപ്പതിപ്പിച്ച് സ്കൂള്‍പരിസരത്ത് നടത്തുക,

 • 4. ക്ലാസ്മുറിയുടെ പിന്നില്‍ നിര്‍ത്തി ജോലിചെയ്യിക്കുക,

 • 5. രണ്ടുദിവസത്തേക്കും മറ്റും സസ്പെന്‍ഡ് ചെയ്യുക,

 • 6. "ഞാന്‍ വിഡ്ഢിയാണ്", "ഞാന്‍ കഴുതയാണ്" എന്നൊക്കെ കുട്ടികളുടെ പിന്നില്‍ എഴുതിത്തൂക്കുക,

 • 7. അധ്യാപകന്‍/അധ്യാപിക പോകുന്ന ക്ലാസിലൊക്കെ തെറ്റുചെയ്ത കുട്ടിയെ കൊണ്ടുപോയി അപമാനിക്കുക,

 • 8. ആണ്‍കുട്ടികളുടെ ഷര്‍ട്ടഴിച്ച് നിര്‍ത്തുക.

  ഇത്തരം ശിക്ഷകള്‍ കുട്ടികളെ നന്നാക്കാന്‍ ഒരുതരത്തിലും ഗുണംചെയ്യില്ലെന്ന് മാര്‍ഗരേഖ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ദോഷമേ ചെയ്യൂ. അച്ചടക്കലംഘനം ആവര്‍ത്തിക്കുന്നതില്‍നിന്ന് കുറച്ചുകാലത്തേക്ക് കുട്ടിയെ തടയാന്‍കഴിഞ്ഞേക്കും. പക്ഷേ കുട്ടിക്ക് വിഷയം മനസ്സിലാക്കുന്നതിനോ ബുദ്ധി വളരുന്നതിനോ ഈ ശിക്ഷ ഉപകരിക്കില്ല. മറ്റുതരത്തിലുള്ള ചില "പരിഷ്കരണ" ശിക്ഷകളും പാടില്ലാത്തവയുടെ പട്ടികയില്‍ മാര്‍ഗരേഖ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 • 1.സ്കൂളിന്റെ ഇടവേളസമയത്തും ഉച്ചഭക്ഷണസമയത്തും മറ്റും കുട്ടിയെ തടഞ്ഞുവയ്ക്കുക,

 • 2. ഇരുട്ടുമുറിയില്‍ അടയ്ക്കുക,

 • 3. രക്ഷിതാക്കളെ കൊണ്ടുവരാനും അവരോട് വിശദീകരണം വാങ്ങിവരാനും ആവശ്യപ്പെടുക,

 • 4. കുട്ടികളെ വീട്ടില്‍ പറഞ്ഞുവിടുകയോ സ്കൂള്‍ഗേറ്റിനു പുറത്തുനിര്‍ത്തുകയോ ചെയ്യുക,

 • 5. ക്ലാസിന്റെ തറയില്‍ ഇരുത്തുക,

 • 6. ശിക്ഷയായി സ്കൂള്‍പരിസരം വൃത്തിയാക്കിക്കുക,

 • 7. കളിക്കളത്തിലോ സ്കൂളിനു ചുറ്റുമോ ഓടിക്കുക,

 • 8. പ്രിന്‍സിപ്പലിനു മുന്നിലേക്ക് പറഞ്ഞുവിടുക,

 • 9. അറിയാത്ത പാഠം ക്ലാസില്‍ പഠിപ്പിക്കാന്‍ കുട്ടിയെ നിയോഗിക്കുക,

 • 10. അധ്യാപിക/അധ്യാപകന്‍ വരുന്നതുവരെ നിര്‍ത്തുക,

 • 11. കലണ്ടറിലും ഡയറിയിലും മുന്നറിയിപ്പുകള്‍ എഴുതി നല്‍കുക,

 • 12. വിടുതല്‍സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തുക,

 • 13. കളിക്കാനോ മറ്റു പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കോ വിടാതിരിക്കുക,

 • 14. ശിക്ഷയായി മാര്‍ക്ക് കുറയ്ക്കുക,

 • 15. മൂന്നുദിവസം വൈകിവന്നാല്‍ ഒരുദിവസം വരാത്തതായി കരുതുക,

 • 16. അധികമായി പകര്‍ത്തെഴുത്ത് (Imposition) ശിക്ഷയായി നല്‍കുക,

 • 17. ശിക്ഷയായി ഫൈന്‍ ഈടാക്കുക,

 • 18. ക്ലാസില്‍ കയറ്റാതിരിക്കുക,

 • 19. ഒരു പീരേഡോ ദിവസമോ ആഴ്ചയോ മാസമോ മുഴുവന്‍ ക്ലാസ്മുറിയില്‍ ഇരുത്തുക,

 • 20. പ്രോഗ്രസ് കാര്‍ഡില്‍ മോശം പരാമര്‍ശം എഴുതുക.

  ചുരുക്കത്തില്‍ നാട്ടുനടപ്പെന്ന രീതിയില്‍ സ്കൂളുകളില്‍ ഇന്ന് നിലനില്‍ക്കുന്ന ശിക്ഷകളെല്ലാം വിലക്കുന്നതാണ് മാര്‍ഗരേഖ. കുട്ടികളെ ശാരീരികമായി ശിക്ഷിക്കാന്‍ അനുമതി നല്‍കുന്ന നിയമങ്ങളൊന്നും ഇന്ത്യയിലില്ല. ഇതിന് അപവാദമായി തമിഴ്നാട്ടില്‍ മാത്രം ഒരു നിയമം നിലനിന്നിരുന്നു. അവരും അതുപേക്ഷിച്ചു. പ്രത്യേക സാഹചര്യത്തില്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് തെറ്റല്ല എന്നൊരു വകുപ്പ് തമിഴ്നാട് വിദ്യാഭ്യാസച്ചട്ടങ്ങളില്‍ 51-ാം വകുപ്പായി ഉണ്ടായിരുന്നു. അതാണു മാറ്റിയത്. ലോകത്തെ പകുതിയോളം രാജ്യങ്ങളില്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് നിരോധിക്കുന്ന നിയമമുണ്ട്. 18 രാജ്യങ്ങള്‍ സ്കൂളിലും വീട്ടിലും, കുട്ടികളുടെ ജയില്‍പോലെയുള്ള സ്ഥാപനങ്ങളിലും അവരെ മര്‍ദിക്കുന്നതു തടഞ്ഞ് നിയമം നടപ്പാക്കി. കുട്ടികള്‍ക്കെതിരായ അക്രമം തടയാനായി ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ രേഖയിലും 2009ഓടെ കുട്ടികള്‍ക്കെതിരായ ശാരീരികശിക്ഷകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ടിരുന്നു. 2007ല്‍ത്തന്നെ ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 2008ലെ വിദ്യാഭ്യാസ അവകാശനിയമത്തില്‍ കുട്ടികളെ ശിക്ഷിക്കുന്നതു തടയുന്ന വ്യവസ്ഥയുണ്ട്. 17-ാം ചട്ടത്തിലാണിത്. "ഒരു കുട്ടിയെപ്പോലും ശാരീരികമായോ മാനസികമായോ പീഡിപ്പിക്കരുത്. ഈ വ്യവസ്ഥ ലംഘിക്കുന്നവര്‍ അവര്‍ക്ക് ബാധകമായ സര്‍വീസ്ചട്ടങ്ങള്‍പ്രകാരം അച്ചടക്കനടപടിക്ക് വിധേയരാകേണ്ടിവരും"- ഇതില്‍ പറയുന്നു. 2000ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലും കുട്ടികളെ പീഡിപ്പിച്ചാല്‍ ശിക്ഷ നല്‍കാന്‍ വകുപ്പുണ്ട്. ഇത് തരം ശിക്ഷ അധ്യാപകരില്‍നിന്നോ രക്ഷിതാക്കളില്‍നിന്നോ ഉണ്ടായാല്‍ കുറ്റകരമല്ല എന്ന ഇളവ് നിയമത്തിലില്ല. അതുകൊണ്ട് ഈ നിയമപ്രകാരംതന്നെ, കുട്ടികളെ ഉപദ്രവിക്കുന്ന അധ്യാപകരും രക്ഷിതാക്കളും ശിക്ഷിക്കപ്പെടാം. ആറുമാസംവരെ തടവും പിഴയുമാണ് ശിക്ഷയായി പറയുന്നത്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാനായി രൂപംനല്‍കിയ 2009ലെ നിയമ (Prevention of offenses against the child bill 2009) ത്തിലും കുട്ടികളുടെ ശാരീരികപീഡനം തടയാനുള്ള വ്യവസ്ഥകളുണ്ട്. 25,000 രൂപവരെ പിഴയും മൂന്നുകൊല്ലംവരെ തടവുംമാണ് ഈ ബില്ലിലുള്ളത്. ഇത് ഇതുവരെ നിയമമായിട്ടില്ല.


അഭിപ്രായങ്ങളൊന്നുമില്ല: