2011, ജൂലൈ 19, ചൊവ്വാഴ്ച

വാതായനങ്ങള്‍ തുറന്നിട്ടിരുന്നുവെങ്കില്‍...

രത്നാകരന്‍ കെ.പി.

ആണ്ടിലൊരിക്കലോ, മാസത്തിലൊരിക്കലോ അല്ല ഓരോ പ്രവര്‍ത്തനത്തിലും നടക്കേണ്ട അതിസൂക്ഷ്മമായ ഒന്നാണ് വിലയിരുത്തല്‍ എന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം? ഈ നിരന്തര വിലയിരുത്തലാണ് പഠനത്തിന്റെ മികവ് ഉറപ്പക്കുന്നതെന്ന കാര്യത്തില്‍ ഏത് അക്കാദമിക് പണ്ഡിതനാണാവോ ഇപ്പോള്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്?

പക്ഷേ ഒന്നുണ്ട്-, കാലമേറെയായിട്ടും ഏവര്‍ക്കും ബോധ്യമാകുന്ന ഒരു നിരന്തര വിലയിരുത്തല്‍ സമ്പ്രദായം വികസിപ്പിച്ചെടുക്കാന്‍ നമുക്ക് കഴിയാത്തതെന്തുകൊണ്ടാണ്? ആഗോള തലത്തില്‍ വിലയിരുത്തലിനുമാത്രമല്ല അധ്യാപനത്തിനും പരിശീലനത്തിനുമൊക്കെ ശാസ്ത്രീയവും കൗതുകകരവുമായ മാര്‍ഗങ്ങളുണ്ടെന്ന് നാമറയാതിരുന്നതെന്തുകൊണ്ടാണ്? വാതായനങ്ങള്‍ തുറന്നിട്ടിരുന്നുവെങ്കില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു നിരന്തര മൂല്യനിര്‍ണയ സങ്കല്പം നാം രൂപപ്പെടുത്തിയേനെ. പരീക്ഷക്കുവേണ്ടിയുള്ള ഈ കൊതി അവസാനിച്ചേനെ.


ഇനി ബ്ലോഗിനെക്കുറിച്ച്---,

മനോഹരമായിട്ടുണ്ട്, പശ്ചാത്തലം വിശേഷിച്ചും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ഒരുപാട് ഇടം നല്കുന്നതിന്റെ ജനാധിപത്യം എനിക്ക് അതിലേറെ ഇഷ്ടമായി.

4 അഭിപ്രായങ്ങൾ:

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ പറഞ്ഞു...

ശോഭാകുമാരി അഭിപ്രായപ്പെടുന്നു,

കേരളത്തിലെ എല്ലാ സ്കൂളുകള്‍ക്കും ഒരേ നിയമവും ഒരേ സിലബസും കൊണ്ടുവരുകയാണ് ആദ്യം വേണ്ടത്. എന്തിനിവിടെ unaided , സീ ബീ എസ് ഈ stateboard എന്നിങ്ങനെ വകഭേദങ്ങള്‍. പഠന മാധ്യമം ഇംഗ്ലീഷ് ആയിക്കോട്ടെ പക്ഷെ മലയാളത്തിനു പ്രധാന്യമുണ്ടാവണം. മലയാളത്തിനു 40 % മാര്‍ക്ക്‌ വാങ്ങാത്ത കുട്ടി ഒരു ക്ലാസ്സിലും ജയിക്കരുത്. ഇംഗ്ലീഷില്‍ പഠിപ്പിക്കാന്‍ കഴിവുള്ള അധ്യാപകരും ഉണ്ടാവണം. 8 മുതല്‍ വിദ്യാഭ്യാസം തോഴിലധിഷ്ടിതമാവണം. രക്ഷിതാവിന്റെ വരുമാനതിനനുസരിച്ചു സ്കൂളില്‍ ഫീസ്‌ നിശ്ചയിക്കാം. സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ സര്‍ക്കാര്‍ സ്കൂളില്‍ത്തന്നെ പഠിക്കുന്ന പക്ഷം അവര്‍ക്ക് സ്കോളര്‍ഷിപ് നല്‍കണം. ഏതു പരിഷ്കാരവും നടപ്പിലാക്കും മുമ്പ് രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം നടത്തണം. അല്ലാതെ പരീക്ഷ കൊണ്ടുവന്നിട്ടോ പുസ്തകം കത്തിച്ചിട്ടോ സിലബസ് ആണ്ടു തോറും മറ്റീട്ടോ പൊതുവിദ്യാഭ്യാസം രക്ഷപെടില്ല.

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ പറഞ്ഞു...

അശോക്‍കുമാറിന്റെ പ്രതികരണം ഇങ്ങനെ,

ഓണപ്പരീക്ഷ തിരിച്ചു വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.
പരീക്ഷകകളാണ് കുട്ടികളുടെ പഠനം നിലനിര്‍ത്തുന്നതും ഗുണനിലവാരം
അളക്കുന്നതും എന്ന് എനിക്ക് അഭിപ്രായമില്ല. നിരന്തരമൂല്യനിര്‍ണ്ണയത്തിന്റെ
ശാസ്ത്രീയത സ്വയം ബോധ്യപ്പെടാനും
സമൂഹത്തെ ബോധ്യപ്പെടുത്താനും നമ്മുടെ അധ്യാപകര്‍ക്ക് കഴിയാതെ പോയോ..?
എന്നാല്‍ പിന്നെ ഇത്രയും കാലം നടന്ന അധ്യാപക പരിശീലനങ്ങള്‍
കൊണ്ട് എന്തു പ്രയോജനം..?
................................................................................................................
ചര്‍ച്യ്ക് തുടക്കമിട്ട മനോജ് സാറിന് അഭിനന്ദനങ്ങള്‍........

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ പറഞ്ഞു...

അശോക്‍കുമാര്‍, താങ്കള്‍ കേരളത്തിന്റെ പൊതു മനഃസാക്ഷിക്കൊപ്പം നില്‍ക്കുന്നുവെന്നു അഭിപ്രായത്തില്‍നിന്നു വ്യക്തം. നിലാവിനു ലഭിച്ചുകൊണ്ടിരിക്കുന്ന ഓരോ പ്രതികരണങ്ങളും ഇത്തരത്തില്‍ കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന് വെളിവാക്കുന്നതാണ്.
എന്നാല്‍,
ശോഭാകുമാരിയുടെ അഭിപ്രായപ്രകടനം പൊതുധാരയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍തന്നെ ചില തെറ്റായ സന്ദേശങ്ങള്‍ നല്കുന്നില്ലേ-
1)പഠന മാധ്യമം ഇംഗ്ലീഷ് ആയിക്കോട്ടെ
2)മലയാളത്തിനു 40 % മാര്‍ക്ക്‌ വാങ്ങാത്ത കുട്ടി ഒരു ക്ലാസ്സിലും ജയിക്കരുത്.
3)രക്ഷിതാവിന്റെ വരുമാനതിനനുസരിച്ചു സ്കൂളില്‍ ഫീസ്‌ നിശ്ചയിക്കാം.
പൊതുവിദ്യാഭ്യാസം കൈവരിച്ചിട്ടുള്ള മുന്നേറ്റത്തെ പിന്നോട്ടുവലിക്കുന്ന ഇത്തരം ചില കയ്യടിവാങ്ങല്‍ പ്രഖ്യാപനങ്ങള്‍തന്നെയല്ലെ മറ്റൊരു തരത്തില്‍ ഭരണാധികാരികളും നടത്തിക്കൊണ്ടിരിക്കുന്നത്? ഇത്തരം കാഴ്ചപ്പാടുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടം കൂടുതല്‍ ചിന്തിച്ചാല്‍ ശോഭാകുമാരിക്കുതന്നെ ബോധ്യപ്പെടും.
മറ്റുകാര്യങ്ങളിലൊന്നും യാതൊരു വിയോജിപ്പുമില്ല

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ പറഞ്ഞു...

ശോഭാകുമാരി വീണ്ടും ചേരുന്നു-


ഉന്നത പഠന മാധ്യമം ഇംഗ്ലീഷ് ആയിരിക്കുന്നിടത്തോളം മലയാളത്തെ സ്നേഹിക്കാന്‍
ആളെക്കിട്ടില്ല. പൊതു വിദ്യാലയങ്ങളില്‍ ഇപ്പോള്‍ രണ്ടു തരം പഠനം
നിലനില്‍ക്കുന്നില്ലേ. രണ്ടു ഡിവിഷന്‍ ഉണ്ടെങ്കില്‍ ഒന്ന് ഇംഗ്ലീഷ് ആക്കാം എന്ന
അവസ്തയുണ്ടല്ലോ. എന്തിനാനത്. അത് മാറണം . അതാണ്‌ ഞാനുദ്ദേശിച്ചത്.
മലയാളമാണെങ്കില്‍ മൊത്തം മലയാളം. അല്ലെങ്കില്‍ മൊത്തം ഇംഗ്ലീഷ്. ഇംഗ്ലീഷ്
ആക്കുന്ന പക്ഷം മലയാളത്തിന്റെ പ്രാധാന്യം കുറയാതിരിക്കാനുള്ള മാര്‍ഗമെന്ന
നിലയിലാണ് മലയാളത്തിനു ജയിക്കാത്തവര്‍ക്ക് ക്ലാസ് കയറ്റം അനുവദിക്കരുതെന്ന്
നിര്‍ദേശിച്ചത്.