എം ഷാജഹാന്‍
(കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
(2012 ഏപ്രില്‍ 11ന് 'ദേശാഭിമാനി' പ്രസിദ്ധീകരച്ച ലേഖനം, അതിന്റെ കാലിക പ്രസക്തി കണക്കലെടുത്ത് 'നിലാവ്' പങ്കുവയ്ക്കുന്നു)
വിദ്യാഭ്യാസ അവകാശനിയമം ലക്ഷ്യമിടുന്ന കാര്യങ്ങള്‍ അരനൂറ്റാണ്ടു മുന്‍പ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. പന്ത്രണ്ടാം തരംവരെയുള്ള വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് നമ്മുടെ പൊതുവിദ്യാഭ്യാസ സംവിധാനം വളര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് വിദ്യാഭ്യാസ അവകാശനിയമം യാന്ത്രികമായി ഇവിടെ നടപ്പാക്കരുത് എന്നു പറയുന്നത്. ശക്തമായ അടിത്തറയും ബഹുജനസ്വാധീനവുമുള്ള കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് വളരെ ശ്രദ്ധയോടെയായിരിക്കണം. അഞ്ചാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയിലും എട്ടാം ക്ലാസുവരെയുള്ളവര്‍ക്ക് മൂന്ന് കിലോമീറ്റര്‍ പരിധിയിലും പഠിക്കാന്‍ ആവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ഏതെങ്കിലും പ്രദേശത്ത് ഈ സംവിധാനം ഇല്ലെങ്കില്‍ അവിടെയുള്ള എല്‍പി സ്കൂളുകളില്‍ അഞ്ചാം ക്ലാസ് ആരംഭിക്കുകയോ യുപി സ്കൂളുകള്‍ ഹൈസ്കൂളുകളായി ഉയര്‍ത്തുകയോ ചെയ്യണം. തീരദേശ- മലയോര പ്രദേശങ്ങളില്‍ ആവശ്യമായ സ്കൂളുകള്‍ ആരംഭിച്ചാല്‍തന്നെ ലളിതമായി പരിഹരിക്കാവുന്ന പ്രശ്നമാണിത്. ഒരു കുട്ടിക്കുപോലും പഠനത്തിനുള്ള അവസരം നിഷേധിക്കാന്‍ പാടില്ല എന്നതാണ് നിയമത്തിന്റെ കാതല്‍. അണ്‍-എക്കണോമിക് എന്നുപറഞ്ഞ് സ്കൂള്‍ അടച്ചുപൂട്ടുന്നത് നിയമത്തിന്റെ അന്തഃസത്തയ്ക്കെതിരാണ്. ആറുവയസ്സിലെങ്കിലും സ്കൂള്‍ പ്രവേശനം ആരംഭിച്ച് 14 വയസ്സുവരെ എല്ലാ ക്ലാസിലും വിജയിക്കുന്ന തരത്തില്‍ പഠനം ഉറപ്പാക്കണം എന്നത് പ്രധാനമാണ്. അതിനുള്ള സൗകര്യം ഉണ്ടാവണം എന്നല്ലാതെ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുത്തണമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നില്ല. ദേശീയ പാറ്റേണ്‍ നിയമത്തില്‍ പറയുന്നു എന്നുമാത്രം. കേരളം ഒഴികെയുള്ള ഒരു സംസ്ഥാനവും നിലവിലുള്ള സ്കൂള്‍സംവിധാനത്തിലും ഘടനയിലും മാറ്റം വരുത്താന്‍ ഇതുവരെയും ആലോചിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാരാകട്ടെ ഘടനാപരമായ മാറ്റത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നു. യുപി സ്കൂളുകളും സമീപപ്രദേശത്തെ എല്‍പി സ്കൂളുകളും ചേര്‍ത്ത് ക്ലസ്റ്ററുകളുടെ സ്വഭാവത്തിലാക്കി കുട്ടികള്‍ കുറവുള്ള സ്കൂളുകളെ കലാകായിക കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതികള്‍ക്കാണ് രൂപംനല്‍കുന്നത്. ഫലത്തില്‍ രണ്ടായിരത്തോളം സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള കരുനീക്കമാണ് നടക്കുന്നത്. സൗജന്യവിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കി നിര്‍ബന്ധിതഫീസ് നിലവിലുള്ള സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി കൊടുക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍.
ഒന്നാം ക്ലാസ് പ്രവേശനം
ഡല്‍ഹി, ആന്ധ്രപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും സ്കൂള്‍ പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ചുവയസ്സാണ്. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ചുവയസ്സില്‍ സ്കൂള്‍പ്രവേശനം നടക്കുന്ന ഒരു സംസ്ഥാനത്തും പ്രായപരിധി ഉയര്‍ത്തിയിട്ടില്ല. ആറ് വയസ്സുള്ള മുഴുവന്‍ കുട്ടികളും രണ്ടാംക്ലാസില്‍ പഠിക്കുന്ന കേരളത്തില്‍ അവരെ ഒന്നില്‍ പ്രവേശിപ്പിക്കണം എന്നു തീരുമാനിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനുമാത്രമേ കഴിയൂ. മാത്രമല്ല മൂന്നു വയസ്സുമുതല്‍ അഞ്ചു വയസ്സുവരെയുള്ള പ്രീ-പ്രൈമറി വിദ്യാഭ്യാസമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. അഞ്ചു വയസ്സുള്ള നാലുലക്ഷം കുട്ടികള്‍ സ്കൂള്‍പ്രവേശനത്തിനൊരുങ്ങുമ്പോള്‍ നിങ്ങള്‍ക്ക് അടുത്തവര്‍ഷമേ പ്രവേശനമുള്ളൂ എന്നുപറഞ്ഞാല്‍ കേരളത്തിലെ ഏതെങ്കിലും രക്ഷിതാക്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയുമോ? ആറുമാസത്തെ വയസ്സിളവുകൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനമുണ്ടാകുമോ? ഫലത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒരു കുട്ടിയും പ്രവേശിക്കേണ്ട എന്ന പ്രഖ്യാപനമല്ലേ ഇതിലൂടെ സര്‍ക്കാര്‍ നടത്തിയത്. പൊതുവിദ്യാലയങ്ങളില്‍ പ്രവേശനമില്ല അതുകൊണ്ട് ഇനി സിബിഎസ്ഇ വിദ്യാലയങ്ങള്‍ മതിയെന്ന് പ്രഖ്യാപിക്കാനാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അഞ്ചുവയസ്സില്‍ സ്കൂളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ സ്കൂള്‍പ്രവേശനം നിഷേധിക്കരുതെന്ന ഡല്‍ഹി ഹൈക്കോടതി വിധി സര്‍ക്കാര്‍ കണ്ണുതുറന്ന് കാണണം. പ്രീ-പ്രൈമറി വിദ്യാഭ്യാസം നാലു വയസ്സുമുതല്‍ ആറ് വയസ്സുവരെയാക്കി മാറ്റുകയും എല്ലാ പൊതുവിദ്യാലയങ്ങളിലും പ്രീ-പ്രൈമറി വിദ്യാഭ്യാസം തുടങ്ങുന്നതുവരെയും അഞ്ചുവയസ്സില്‍തന്നെ സ്കൂള്‍ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ഘടനാപരമായ മാറ്റം
അഞ്ചാംക്ലാസുവരെയുള്ള എല്‍പി സ്കൂളുകളും 6-8 വരെയുള്ള യുപി സ്കൂളുകളുമായി, വിദ്യാലയങ്ങളുടെ ഘടനയില്‍ വരുന്നവര്‍ഷം മുതല്‍ മാറ്റം വരുത്തുമെന്ന് തീരുമാനിച്ചിരിക്കുകയാണ്. 9, 10 ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറിയുടെ ഭാഗമാക്കുമെന്നും ഹയര്‍സെക്കന്‍ഡറിയിലെ 43 വിഷയങ്ങളുടെ കോമ്പിനേഷനുകള്‍ കുറയ്ക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. തൊഴിലധിഷ്ഠിതകോഴ്സുകള്‍ വരുന്ന വര്‍ഷംമുതല്‍ നിര്‍ത്തലാക്കി ഹയര്‍സെക്കന്‍ഡറിയുടെ ഓപ്ഷണാക്കിമാറ്റും എന്നാണ് മന്ത്രി പറയുന്നത്. ഈ മാറ്റങ്ങളെക്കുറിച്ചൊന്നും അറിയില്ലെന്നാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. നിയമസഭാസാമാജികനായ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും ഇതിനെ എതിര്‍ത്തിട്ടുണ്ട്. വേണ്ടത്ര ചര്‍ച്ചകളോ ആലോചനകളോ യുഡിഎഫില്‍പോലും നടത്താതെയാണ് ഘടനാമാറ്റത്തെയും പരിഷ്കാരങ്ങളെയുംകുറിച്ച് മന്ത്രി പ്രഖ്യാപിക്കുന്നത്. സെക്കന്‍ഡറിതലംവരെയുള്ള 11,794 സ്കൂളും 1873 ഹയര്‍സെക്കന്‍ഡറി സ്കൂളും 389 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളും രണ്ടുലക്ഷത്തോളം അധ്യാപകരും അരക്കോടിയോളം വിദ്യാര്‍ഥികളും പതിനായിരത്തോളം ജീവനക്കാരും ഉള്‍പ്പെടുന്ന നിലവിലുള്ള സംവിധാനത്തിനകത്ത് വരുന്ന ഏതൊരു മാറ്റവും കേരളീയ സമൂഹം ഗൗരവമായി കാണണം. ഇരുപതു ശതമാനത്തോളംവരുന്ന സമ്പന്നരായ മധ്യവര്‍ഗത്തിന്റെ മനോഭാവത്തില്‍നിന്ന് നോക്കികാണേണ്ട ഒന്നല്ല നമ്മുടെ പൊതുവിദ്യാഭ്യാസം. നിലവിലുള്ള സ്കൂള്‍ സംവിധാനത്തെ ഒറ്റയടിക്ക് മാറ്റിക്കളയാം എന്ന് ആഗ്രഹിക്കുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയെ സ്വപ്നം കാണുന്നവരാണ്. മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ നേതൃത്വം നല്‍കിയ കെഇആര്‍ പരിഷ്കരണത്തിനുള്ള റിപ്പോര്‍ട്ടിലും കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 ലും നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. പരമാവധി പരിക്കുകള്‍ കുറച്ച് ഘടനാമാറ്റം നടപ്പാക്കാന്‍ ലിഡാ കമീഷന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളുണ്ട്. ഇതൊന്നും പരിഗണിക്കാതെ പൊതുവിദ്യാഭ്യാസത്തിന്റെ നിലനില്‍പ്പിനെതന്നെ അപകടത്തിലാക്കുന്ന പ്രഖ്യാപനങ്ങളുമായി വിദ്യാഭ്യാസമന്ത്രിയും വകുപ്പും മുന്നോട്ടുപോവുകയാണ്. കുട്ടികളുടെ പഠനത്തെ ഈ മാറ്റങ്ങള്‍ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേന്ദ്രഫണ്ട് വേണമെങ്കില്‍ ഘടനാപരമായ മാറ്റം അനിവാര്യമാണ് എന്ന വാദം തെറ്റാണ്. ഘടനാമാറ്റത്തെക്കുറിച്ച് ആലോചിക്കാത്ത സംസ്ഥാനങ്ങളില്‍ ഇതിനേക്കാള്‍ ഫണ്ട് ലഭിക്കുന്നുണ്ട്. നിലവിലുള്ള സംവിധാനം തകര്‍ന്നാലും വേണ്ടില്ല ഫണ്ട് മതിയെന്ന ചിന്ത ആരോഗ്യകരമല്ല. ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത സംവിധാനങ്ങളെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഏകോപിപ്പിക്കുന്നതിനുപകരം ചിലതൊക്കെ നിലനിര്‍ത്താനും ചിലതൊക്കെ കൂട്ടിചേര്‍ക്കാനും വീണ്ടും വെട്ടിമുറിക്കാനും ശ്രമിക്കുന്നത് പൊതുവിദ്യാഭ്യാസത്തോടുള്ള താല്‍പ്പര്യത്തെയല്ല കാണിക്കുന്നത്. സര്‍ക്കാര്‍ മാത്രമല്ല തദ്ദേശസ്ഥാപനങ്ങളും സ്കൂളുകളുടെ ചുമതല വഹിക്കുന്നുണ്ട്. അധ്യാപക സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടികള്‍ തദ്ദേശസ്ഥാപനങ്ങളിലെ ഭരണാധികാരികള്‍ എന്നിവരുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. നിലവിലുള്ള സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകളാണ് വേണ്ടത്. 9, 10 ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറിയുടെ ഭാഗമാക്കണമെന്നും, എസ്എസ്എല്‍സി പരീക്ഷ ഇന്നത്തേതുപോലെ നടത്തണമോ എന്നും മന്ത്രിതന്നെ ചോദിക്കുന്നതില്‍ അനൗചിത്യമുണ്ട്. ഹയര്‍സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലും കാലികമായ പരിഷ്കാരങ്ങള്‍ ആവശ്യമാണ്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ നിലവിലുള്ള 42 കോഴ്സില്‍ മാറ്റം വേണ്ടെന്ന് ആരും പറയുമെന്ന് കരുതുന്നില്ല. ഒരു പരിഷ്കാരമെന്നതിനു പകരം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി നിര്‍ത്തലാക്കി കോഴ്സുകള്‍ ഹയര്‍സെക്കന്‍ഡറിയുടെ ഭാഗമാക്കണം എന്ന പ്രഖ്യാപനം പരിഹാരമാര്‍ഗമല്ല. 6600 അധ്യാപകരും അമ്പതിനായിരത്തിലധികം കുട്ടികളും അയ്യായിരത്തിലധികം ജീവനക്കാരുമുള്ള ഒരു സംവിധാനം അടുത്ത വര്‍ഷംമുതല്‍ നിര്‍ത്തും എന്ന പ്രഖ്യാപനം നല്ല അര്‍ഥത്തിലുള്ളതല്ല. പതിറ്റാണ്ടുകളുടെ പരിശ്രമങ്ങളിലൂടെ കേരളത്തിലെ ജനങ്ങള്‍ പടുത്തുയര്‍ത്തിയ പൊതുവിദ്യാഭ്യാസം തകരുന്നതിനിടയാക്കുന്ന ഒരു നടപടിയും അംഗീകരിക്കാന്‍ കഴിയില്ല. എസ്സിഇആര്‍ടി, എസ്എസ്എ, ആര്‍എംഎസ്എ, സീമാറ്റ്, ഐടി@ സ്കൂള്‍ തുടങ്ങിയ അക്കാദമിക സമിതികളെയും കരിക്കുലം കമ്മിറ്റിയെതന്നെയും നോക്കുകുത്തിയാക്കി കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ മികവുകളെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച നമ്മുടെ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന പ്രതിലോമകരമായ പരിഷ്കാരങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.
2 അഭിപ്രായങ്ങൾ:
ഇതു പോസ്ററു ചെയ്തതിന് അഭിനന്ദനങ്ങള്‍....ഇന്നലെ ഒരധ്യാപക സുഹൃത്ത് പറഞ്ഞു...അടുത്ത വര്‍ഷം കുട്ടികള്‍ ചോദിക്കും...മാഷേ,നിങ്ങള്‍ ടെസ്റ്റ് പാസായോ?നാണമില്ലേ എന്റെ മുന്നില്‍ നില്‍ക്കാന്‍?
യോഗ്യതയില്ലാത്തവരാണു നിലവിലുള്ളതെന്നൊരു ധാരണയുണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു...ഘടനാമാറ്റം,അതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇതൊന്നുമറിയാത്ത അധികാരികള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നു...വല്ലാത്തൊരവസ്ഥ തന്നെ!
പ്രിയ മനോജ് മാഷ്,
ടെസ്റ്റ് ജയിക്കുന്നുവോ തോല്ക്കുന്നുവോ എന്നതല്ല പ്രധാന വിഷയം. മറിച്ച്, വരാന്‍ പോകുന്ന ടെസ്റ്റിന്റെ സ്വഭാവം എന്തായിരിക്കും എന്നതാണ്. നിലനില്ക്കുന്ന ക്ലാസ്സ് റൂം പ്രക്രിയയില്‍ അധ്യാപകന് എത്രമാത്രം അവഗാഹവും ശേഷികളും ഉണ്ട് എന്ന് പരിശോധിക്കപ്പെടുമോ?
അതോ, നിലവിലുള്ള ഒട്ടു മിക്ക ടെസ്റ്റുകളെയും പോലെ ഏതെങ്കിലും കോച്ചിംഗ് സെന്ററില്‍നിന്ന് ലഭിക്കുന്ന, ഒട്ടും സ്ഥായിയല്ലാത്ത, ഇന്‍സ്റ്റന്റ് അറിവുകള്‍ പരിശോധിക്കപ്പെടുന്ന ടെസ്റ്റായിരിക്കുമോ? തീര്‍ച്ചയായും രണ്ടാമതു പറഞ്ഞതിനാണ് സാധ്യത. അങ്ങനെ വന്നാല്‍ നാട്ടില്‍ കുറെ കോച്ചിംഗ് സെന്റര്‍ വരികയും പുതുയൊരു തൊഴില്‍ മേഖല തുറക്കപ്പെടുകയും ചെയ്യും എന്നതിനപ്പുറം, അധ്യാപകന്റെ നിലവീരമുയര്‍ത്താനോ അവനെ അപ്ഡേറ്റഡാക്കാനോ ഇതു പര്യാപ്തമാകില്ലെന്നുറപ്പ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ