2011, ജൂലൈ 27, ബുധനാഴ്‌ച

അരുത്

('ഓണപ്പരീക്ഷ വീണ്ടും വരുമ്പോള്‍... ചര്‍ച്ച' ഇവിടെ അവസാനിക്കുകയാണ്. "നിലാവ്' കണ്ണും കാതും തുറന്നുവച്ചിരിക്കയായിരുന്നു. എല്ലാം കേട്ടു. ഊഴം 'നിലാവെ'ടുത്തോട്ടേ?)

"വിദ്യാഭ്യാസ രംഗത്ത് ഏതൊരു മാറ്റത്തെയും തികഞ്ഞ ജഗ്രതയോടെ വീക്ഷിക്കുകയും ഇടപെടുകയും ചെയ്യാറുള്ള മലയാളി ഈ വിഷയത്തില്‍ അത്ര താത്പര്യം കാണിച്ചതായി കണ്ടില്ല. അധ്യാപക സമൂഹമോ വിദ്യാര്‍ഥി സമൂഹമോ പോലും ഈ വിഷയത്തില്‍ അക്ഷന്തവ്യമായ മൗനം പാലിക്കുന്നതായി തോന്നുന്നു.” ഓണപ്പരീക്ഷ തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച അവതരിപ്പിച്ചുകൊണ്ട് "നിലാവ്' നടത്തിയ അഭിപ്രായപ്രകടനമാണ് ഇവിടെ ഉദ്ധരണിയില്‍ കൊടുത്തിരിക്കുന്നത്. ജൂലൈ 12 നാണ് ഈ പരാമര്‍ശം നിലാവില്‍ പ്രസിദ്ധീകരിച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് പരീക്ഷ പുനഃസ്ഥാപിക്കന്നതു സംബന്ധിച്ച് മന്ത്രിയുടെ പ്രഖ്യാപനം വന്നിരുന്നു. നാളിത്ര കഴിഞ്ഞിട്ടും ഈ വിഷയത്തില്‍ കേരളം, അതിന്റെ പ്രതിഷേധം ശക്തമായി രേഖപ്പടുത്തിയിട്ടില്ല എന്നതിനാല്‍ എന്റെ ഈ കുറ്റപ്പെടുത്തല്‍ ആവര്‍ത്തിക്കുന്നു.

കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തില്‍ ഒരു ചെറു ന്യൂനപക്ഷമായ മെഡിക്കല്‍---, എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി, അവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി ഉയരുന്ന ശബ്ദം നിലക്കാതെ പ്രതിധ്വനിക്കുകയാണ്. ഇത് തറ്റാണെന്ന് ഒരിക്കലും അഭിപ്രായമില്ല. മാത്രമല്ല അനിവാര്യവുമാണ്. എന്നാല്‍, ലക്ഷക്കണക്കിനു വരുന്ന സ്കൂള്‍ വിദ്യാര്ഥികളെ, പാഠ്യപദ്ധതി സമീപനത്തെ ബാധിക്കുന്ന ഒരു പ്രഖ്യാപനം വന്ന് നാളിത്ര കഴിഞ്ഞിട്ടും മൗനം വെടിയാന്‍ എന്തേ വൈമനസ്യം?

അടുത്തിടെ ഒരു വിദ്യാലയം സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ പ്രധാനാധ്യാപിക പങ്കുവച്ച ആശങ്ക ഇപ്രകാരമാണ് "മാഷെ, ഇവിടെ അടുത്ത് ഒരു സി.ബി.എസ്.സി. സ്കൂള്‍ തുടങ്ങിയിരിക്കുന്നു. ആ ഭാഗത്തുനിന്ന് മുസ്ലിം കുട്ടികള്‍ ഇനി ഈ വിദ്യാലയത്തിലേക്ക് വരില്ല. കാരണം, അതൊരു മുസ്ലിം സംഘടനയുടെ വിദ്യാലയമാണ്.' ഇത് ഈയൊരു പ്രദേശത്തിന്റെ പ്രശ്നം മാത്രമല്ല. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ വ്യാപനം കേരളത്തിന്റെ നവോഥാന മൂല്യങ്ങള്‍ക്ക് കുഴിതോണ്ടിക്കൊണ്ടിരിക്കുന്നതിന്റെ പ്രതിഫലനംകൂടിയാണ്. ഇത്തരത്തില്‍, ഒരുകാലത്ത് കേരളം ചവിട്ടിപ്പുറത്താക്കിയ പല തിന്മകളും ഭരണാധികാരികളുടെ ഒത്താശയോടുകൂടി തിരിച്ചുവരികയാണ്. പരീക്ഷയുടെ തിരിച്ചവരവിനെയും ഇത്തരത്തില്‍തന്നെ കാണണമെന്നാണ് "നിലാവി'ന്റെ പക്ഷം. നമ്മുടെ മൗനംകൊണ്ട് ഇതിനു വഴിയൊരുക്കിയാല്‍ പന്നീട് ഇത്തരം തിരിച്ചുവരവുകളുടെ വേലിയേറ്റത്തിനു മുന്നില്‍ നാം പകച്ചു നില്ക്കേണ്ടിവരും.

  • നിരന്തരവിലയിരുത്തലിനെ സമൂഹം പൂര്‍ണമായി ഉള്‍ക്കൊണ്ടുവോ?

  • പരീക്ഷക്ക് ശാസ്ത്രീയമായ ഒരു ബദലാകുവാന്‍ ഇതിനു കഴിഞ്ഞുവോ?

  • അധ്യാപക സമൂഹം നിരന്തര വിലയിരുത്തല്‍ നടത്തുന്നതിന് പൂര്‍ണമായും സജ്ജമായോ?

തുടങ്ങിയ ആശങ്കകളെല്ലാം പരിമിതികളായി നില്ക്കുന്നുണ്ടാവാം. ആശങ്കകളകറ്റി പരിമിതികളെ മറികടക്കുന്നതിന് ക്രിയാത്മകമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് വേണ്ടത്, പരിശീലനങ്ങളായും ബോധവത്കരണ പരിപാടികളായും. അല്ലാതെ, തിരിച്ചുപൊക്കിന്റെ പാതസ്വീകരിക്കലാവരുത്.

സംവാദത്തില്‍ ("നിലാവ്'19 ജൂലൈ 2011 ലക്കം) ശ്രീ. രത്നാകരന്‍ മാഷ് സൂചിപ്പിച്ചതുപോലെ, മുന്‍ കാലങ്ങളില്‍ അടഞ്ഞു കിടന്നിരുന്ന വല്ല വാതായനങ്ങളുമുണ്ടായിരുന്നെങ്കില്‍ അവ മലര്‍ക്കെ തുറന്നിടണം. അങ്ങനെ സമൂഹത്തിന്റെ പിന്തുണയാര്‍ജിച്ചുകൊണ്ട് നിരന്തര വിലയിരുത്തല്‍ പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ കഴിയണം. അത് സാധ്യമാണ് എന്നതിന് തെളിവാണ് ശ്രീമതി മിനി മാത്യുവിന്റെ “..കഴിഞ്ഞവര്‍ഷം ഞാന്‍ നടത്തിയ ഒന്നാം ക്ലാസ്സ്‌ ട്രൈ ഔട്ട്‌ ക്ലാസ്സില്‍ കുട്ടികള്‍ ഒരു സംഭവ വിവരണം എഴുതിയത് ഒന്നിലേറെ പേജുകളിലാണ് .ആ കുട്ടികളുടെ വാര്‍ഷിക മൂല്യനിര്‍ണയത്തിന്റ പേപ്പറില്‍ ഒരു ചോദ്യത്തിനുത്തരം തന്നെ ഒരു പേജില്‍ കൂടുതലുണ്ട്. ആ ക്ലാസ്സിലെ ഒരു രക്ഷകര്‍താവിനും പരീക്ഷ വേണമെന്ന ആവശ്യമില്ല . .” ("നിലാവ്'18 ജൂലൈ 2011 ലക്കം) എന്ന പ്രതികരണം. രക്ഷകര്‍താവിന് ബോധ്യപ്പെടാന്‍ പ്രയാസമില്ല, ബോധ്യപ്പെടുത്തണമെന്നുമാത്രം.

പക്ഷെ പ്രധാന പ്രശ്നം ശ്രീ. എസ്.വി. രാമനുണ്ണി ("നിലാവ്'24 ജൂലൈ 2011 ലക്കം) പറഞ്ഞതാണ്, “നിരന്തരമൂല്യനിര്‍ണ്ണയം എന്ന സംഗതി ചിട്ടയായി നാം ചെയ്യുന്നുണ്ടോ? ട്രെയിനിങ്ങും സര്‍ക്കാര്‍ ഉത്തരവും ഒന്നും ഇല്ലാതല്ല. പക്ഷെ, സംഭവം നടക്കുന്നില്ല. സ്കൂളുകളുടെ ആഭ്യന്തര കാര്യങ്ങള്‍ മുഴുവനും അറിയുന്ന / ഇടപെടുന്ന രക്ഷിതാവിന്നുപോലും ഈ നിരന്തര മൂല്യനിര്‍ണയത്തിള്‍ പൂര്‍ണ്ണ വിശ്വാസം ഇതുവരെ ഉണ്ടായില്ല.” അധ്യാപക സമൂഹത്തെ അസ്വസ്ഥമാക്കുന്ന ഒരു പരാമര്‍ശം കൂടിയാണിത്. കാരണം -

  1. ആരാണ് നിരന്തര വിലയിരുത്തല്‍ ചിട്ടയായി ചെയ്യേണ്ടത്?

  2. രക്ഷിതാവില്‍ നിരന്തര വിലയിരുത്തലിനോട് വിശ്വാസം ഉണ്ടാകുന്നതിന് ആരാണ് ഇടപെടലുകള്‍ (പ്രവര്‍ത്തനങ്ങള്‍) നടത്തേണ്ടത്

    ബഹുമാനപ്പെട്ട മന്ത്രിയുടെ പ്രഖ്യാപനം വന്ന ശേഷം പല അധ്യാപക സുഹൃത്തുക്കളുമായും പരീക്ഷയുടെ തിരിച്ചുവരവു സംബന്ധിച്ച് അഭിപ്രായമാരാഞ്ഞപ്പോള്‍ അനുകൂലമായി ഭരണാനുകൂല സംഘടനയില്‍ പെട്ടവര്‍പോലും പ്രതികരിച്ചില്ല. "നിലാവി'ല്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുകയോ പ്രതികരണം രേഖപ്പെടുത്തുകയോ ചെയ്ത ഒരാളും പരീക്ഷയുടെ തിരിച്ചു വരവിനെ അനുകൂലിയ്ക്കാന്‍ തയ്യാറായില്ല. ഇതില്‍ നിന്നും എന്താണ് വ്യക്തമാകുന്നത് ? പരീക്ഷ തിരിച്ചു വരണമെന്ന് സമൂഹം ആഗ്രഹിക്കുന്നില്ല. എങ്കില്‍ പിന്നെ,

  1. അധ്യാപക സംഘടനകള്‍ക്ക് (മന്ത്രി വിളിച്ചു ചേര്‍ത്ത സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ പരീക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക്) സ്വന്തം അംഗങ്ങളുടെ നിലപാടുകള്‍ സംബന്ധിച്ച് എന്ത് ധാരണയാണുള്ളത്?

  2. അംഗങ്ങളുടെ നിലപാടിന് വിരുദ്ധമായ സമീപനം സ്വീകരിക്കുക എന്നതിനര്‍ഥം അണികളെ വഞ്ചിക്കുക എന്നല്ലേ?

  3. നേതാക്കള്‍ മാത്രം അംഗങ്ങളായുള്ള സംഘടനകളും ഒരു സബ് ജില്ലയിലുള്ളത്ര അധ്യാപകരുടെ അത്രപോലും അംഗത്വം സംസ്ഥാന തലത്തിലില്ലാത്ത സംഘടനകളും എന്ത് വിവരക്കേട് എഴുന്നള്ളിച്ചാലും ഉടനെ അതുത്തരവാക്കുന്നത് ഒരു സര്‍ക്കരിനു ചേര്‍ന്ന പണിയാണോ? (ഇങ്ങെനെ പോയാല്‍ സര്‍ക്കാരിന്റെ പ്രതിഛായക്ക് ആദ്യകളങ്കം ചാര്‍ത്തി നല്‍കിയതിനുള്ള അംഗീകാരം ഇത്തരം സംഘടനകള്‍ സ്വന്തമാക്കും!!)

ഒരിക്കല്‍ ഇറക്കിവച്ച ഈ പരീക്ഷാ ഭാരം നമ്മുടെ കുഞ്ഞുങ്ങളുടെ തലയില്‍ ഇനിയും കെട്ടിവയ്ക്കണോ? വടിയുടെയും അടിയുടെയും ഭീകരത ഏറക്കുറെ വഴിമാറിയ വിദ്യാലയാന്തരീക്ഷത്തിലേക്ക് ഇങ്ങനെ ഒരു ഭൂതത്തെ ഇറക്കിവിടുന്നതുകൊണ്ട് ആര്‍ക്കാണ് സംതൃപ്തി ലഭിക്കുക?

(ചര്ച്ച അവസാനിച്ചു, പ്രതികരണങ്ങള്‍ ആവാം)

നിലാവ് അടുത്ത ലക്കം :

cumulative record

എന്ത്? എന്തിന്?എങ്ങനെ?

2 അഭിപ്രായങ്ങൾ:

രാജേഷ്‌ .എസ്.വള്ളിക്കോട് പറഞ്ഞു...

സുഹൃത്തേ '
ഇന്നാണ് എല്ലാ പോസ്റ്റുകളും വായിച്ചത് .പരീക്ഷ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെതായ കാരണങ്ങള്‍ നിരത്താന്‍ ഉണ്ടാവും. പരീക്ഷ മനസ്സില്‍ നിന്ന് ഒഴിവാക്കുന്ന തരത്തിലേക്ക് നമ്മുടെ വിലയിരുത്തല്‍ വളരാത്തതും വിമര്‍ശനപരമായി കാണണം. ഒറ്റപ്പെട്ട മാതൃകകളെ പര്‍വതീകരിക്കുന്നതും ഇതിനു പരിഹാരമല്ല.അക്കാദമികമായ സത്യ
സന്ധത പുലര്‍ത്താത്ത ചിലരുടെ പ്രവര്‍ത്തികള്‍ മൊത്തം ശ്രമങ്ങളെ ഇകഴ്ത്തുന്നു . സ്വന്തം കുട്ടികളെ ഓളിച്ചും തെളിച്ചും വരേണ്യ വിദ്യാലയങ്ങളില്‍ കടത്തുന്നവര്‍ എല്ലാ നന്മകളെയും തൂത്ത്‌ എറിയുന്നതിന് പ്രധാന കാരണക്കാര്‍.നമുക്കൊപ്പം പട നയിച്ച്‌ നില്‍ക്കുന്നവര്‍ പോലും കുട്ടി ക്ക് പഠിക്കാന്‍ സെന്‍ട്രല്‍ സ്കൂള്‍ തിരയുന്നു.പത്തനംതിട്ടയിലെ SSA പ്രവര്‍ത്തകര്‍ക്ക് നേതൃത്വം കൊടുക്കുന്ന എല്‍ .ഈ.പി ചുമതലക്കാരന്‍ പോലും പൊതു പള്ളിക്കുടത്തില്‍ നിന്ന് കുട്ടിയെ പിന്‍വലിച്ചു . മൊത്തം പ്രവര്‍ത്തനങ്ങളെ അപഹസ്യമാക്കുന്ന,. അക്കാദമികമായ സത്യസന്ധത പുലര്‍ത്താത്ത അധ്യാപകര്‍ പൊതു വിദ്യാഭ്യാസത്തിന്റെ ക്യാന്‍സര്‍ . പരീക്ഷയും വിലയിരുത്തലും സ്കൂളും ഇവര്‍ക്ക് കാര്യ സാധ്യതക്കുള്ള ഉപാധികള്‍.അക്കാദമികമായ സമരം ശക്തിപ്പെടുത്തുന്ന അധ്യാപക സമൂഹത്തിനു മാത്രമേ ഇത്തരം പ്രതി സന്ധികളെ അതിജീവിക്കാന്‍ കഴിയൂ.അതിനു ഇന്ധനം നല്കാന്‍ ബ്ലോഗിന് കഴിയട്ടെ!

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ പറഞ്ഞു...

രാജേഷ് സര്‍,
താങ്കളുടെ അഭിപ്രായത്തെ ഞാന്‍ എന്റെ ക്രോഡീകരണത്തോട് ചേര്‍ത്തുവയ്ക്കുന്നു.
അക്കാദമികമായ സത്യസന്ധത പ്രധാന പ്രശ്നംതന്നെയാണ്.
പാവപ്പെട്ടവന്റെ മക്കളെ പഠിപ്പിക്കുന്നതിന് നിയോഗിക്കപ്പെട്ടവന്‍ (തന്റെ പഠിപ്പിക്കലിനെ സംബന്ധിച്ച് വ്യക്തമായ ധാരണയുള്ളതുകൊണ്ടാവാം!) സ്വന്തം മക്കളെ വരേണ്യ വിദ്യാലയങ്ങളില്‍ അയക്കുന്നതിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്ന കാലം വരണം.
താങ്കളുടെ ശൈലിയില്‍ പറഞ്ഞാല്‍,'ചാട്ടക്കടിക്കണം.'